തിരുവനന്തപുരം: പ്രതിസന്ധികളുടെ തിരമാലകളെയും എതിർപ്പുകളുടെ കൊടുങ്കാറ്രിനെയും സധൈര്യം നേരിടുന്ന കപ്പിത്താനെപ്പോലെ എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ.ട്രസ്റ്റിനെയും മൂന്ന് പതിറ്റാണ്ട് ദിശാബോധത്തോടെ നയിച്ച വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ ആദരം.
ഇന്നലെ വൈകിട്ട് ഹോട്ടൽ ഒ ബൈ താമര ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട പ്രൗഢമായ സദസിന് മുമ്പാകെ മന്ത്രിമാരും ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ഒത്തുചേർന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലും എസ്.എൻ. ട്രസ്റ്ര് സെക്രട്ടറി എന്ന നിലയ്ക്കും ദീർഘവീക്ഷണത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു. യോഗം ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകളും കൈക്കൊണ്ട തീരുമാനങ്ങളും സമൂഹത്തിലും ഭരണതലത്തിലും ഉണ്ടാക്കിയ സ്വാധീനവും മാറ്റവും മന്ത്രിമാരും മറ്റ് പ്രാസംഗികരും അനുസ്മരിച്ചു. മന്ത്രി വി.എൻ.വാസവൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുത്തഴിഞ്ഞു കിടന്ന സമുദായത്തെ കുത്തിക്കെട്ടി ഒരു പുസ്തകം പോലെയാക്കിയതാണ് ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിന് വെള്ളാപ്പള്ളി നൽകിയ വലിയ സംഭാവനയെന്ന് മന്ത്രി വാസവൻ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള കൗമുദി ചീഫ് എഡിറ്റർ ദീപുരവി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ്, പി.പ്രസാദ് എന്നിവരും വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ചു. മന്ത്രി സജിചെറിയാനും ജനറൽ സെക്രട്ടറിക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു.
എം.എൽ.എമാരായ വി.ജോയ്, വി.കെ.പ്രശാന്ത്, ആന്റണിരാജു, മുൻ മിസോറാം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. കേരളകൗമുദിയുടെ ഉപഹാരം ചീഫ് എഡിറ്റർ ദീപുരവി വെള്ളാപ്പള്ളിക്ക് സമർപ്പിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളും ഉപഹാര സമർപ്പണം നടത്തി.
തനിക്ക് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള പ്രസ്ഥാനമാണ് കേരളകൗമുദി എന്ന് മറുപടി പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറഞ്ഞു.
വെള്ളാപ്പള്ളിയെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |