തിരുവനന്തപുരം: ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരുടെ വിശപ്പ് അകറ്റാൻ വിനിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന് വിശപ്പില്ല. അത് പാവപ്പെട്ടവനാണ്. പലതരത്തിൽ ദുരിതം അനുഭവിക്കുന്നവർ സമൂഹത്തിലുണ്ട്. ദരിദ്രരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയാൽ ക്ഷേത്രത്തിന് സമ്പത്ത് താനേ വരും. പതിറ്റാണ്ടുകളായി താൻ നേതൃത്വം നൽകുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ അനുഭവം ഇതാണ്. ആചാരങ്ങൾ കൃത്യമായി നടത്തി അനാചാരങ്ങളെ തുടച്ചു നീക്കി ക്ഷേത്രം മുന്നോട്ടുപോകുന്നു. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കുട്ടനാടിനും സഹായം നൽകാനായി.
എല്ലാവരെയും ചേർത്തു പിടിക്കാനാണ് ശ്രീനാരായണ ഗുരുദേവൻ പഠിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിലൂടെ എല്ലാമതങ്ങളുമൊന്നാണെന്ന് ഗുരു പകർന്നു തന്നു. എന്നാൽ, എന്തായിരുന്നു സർവമത സമ്മേളനത്തിലേക്ക് നയിച്ചതെന്ന് പലർക്കും അറിയില്ല. മാപ്പിള ലഹളയിൽ മനംനൊന്തായിരുന്നു ഗുരു അതിന് തയ്യാറായത്. മുസ്ലീം സമുദായക്കാർ ഹിന്ദുമതസ്ഥരെ കൊന്നൊടുക്കാൻ തുടങ്ങി. ലഹളയെ കുറിച്ച് മനസിലാക്കാൻ ഗുരു കുമാരനാശാനെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. ആശാൻ കണ്ടറിഞ്ഞ സത്യങ്ങൾ ഗുരുവിനോട് പറഞ്ഞു. അതിൽ ദുഃഖിതനായാണ് സർവമത സമ്മേളനം വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |