തിരുവനന്തപുരം: ഗുരുദേവ ദർശനം ജീവിതത്തിൽ പകർത്തിയ വ്യക്തിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളാപ്പള്ളിയുടെ കാലത്ത് എസ്.എൻ.ഡി.പി യോഗം സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിയിലേക്ക് എത്തി. എസ്.എൻ.ഡി.പി യോഗത്തെ നിരന്തരം മുന്നോട്ടു നയിക്കാനും ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലും വിദ്യാഭ്യാസവും ഉറപ്പു നൽകി.
വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടിയാണ്. പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക പ്രാധാന്യം എസ്.എൻ.ഡി.പിക്കുണ്ട്. പിന്നാക്ക ജനങ്ങളുടെ ആത്മാഭിമാനം എസ്.എൻ.ഡി.പി യോഗം തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിട്ട വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.
'വർഗീയശക്തികൾ ഗുരുവിനെ
സ്വന്തമാക്കാൻ പാടുപെടുന്നു'
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുദേവനെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ പാടുപെടുകയാണെന്ന് മുഖ്യമന്ത്രി. വർഗീയ വിഷം ചീറ്റാൻ ചിലർ ഗുരുദർശനങ്ങൾ ഉപയോഗിക്കുന്നു. ഗുരുവിന്റെ ചിന്തയും പ്രവൃത്തിയും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നില്ല. മനുഷ്യരെ മനുഷ്യരായി കാണാൻ അദ്ദേഹം പഠിപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഗുരു തൂത്തെറിഞ്ഞു. ഇപ്പോൾ ചില വിഷവിത്തുകൾ പലതും നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നു. വർഗീയത പരത്തി ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |