ചേർത്തല : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 89-ാം പിറന്നാൾ. കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂന്നുദിവസങ്ങളിലായി നടന്നുവരുന്ന പൂജകൾ ഇന്ന് ഉച്ചയോടെ സമാപിക്കും.
രാവിലെ 11.30ന് കുടുംബാംഗങ്ങളുടെയും യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ കേക്ക് മുറിക്കും. കൊല്ലവർഷം 1113ചിങ്ങം 26ന് (1937 സെപ്തംബർ 10) വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളിയുടെ ജനനം. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് ആറു പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇത്രയുംകാലം ഒരാൾ ഈ സ്ഥാനത്ത് തുടരുന്നത് ആദ്യമാണ്.
1996 ഫെബ്രുവരി 3ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി, അവിടെയും ചരിത്രം കുറിച്ചു. 1996 നവംബർ 7ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 29 വർഷമായി ആ സ്ഥാനത്ത് തുടരുന്നു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും സുവർണ കാലമാണ് വെള്ളാപ്പള്ളിയുടെ ഭരണകാലം. ഇന്ന് കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് വിവിധ യൂണിയൻ നേതാക്കളും പ്രവർത്തകരും രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായെത്തും. ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. വിഭവ സമൃദ്ധമായ പിറന്നാൾസദ്യയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |