വൈക്കം: ശ്വാസോച്ഛ്വാസം പോലും മതത്തിന്റെ പേരിൽ നടത്തുന്നവരാണ് ചില അപ്രിയസത്യങ്ങൾ പറയുമ്പോൾ തന്നെ തൊഗാഡിയയെന്ന് വിളിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം ആശ്രമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വൈക്കം,തലയോലപ്പറമ്പ് ശാഖാനേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരാർത്ഥത്തിൽ വർഗീയ പാർട്ടിയാണ് മുസ്ലിംലീഗ്. ഇസ്ലാമിക രാഷ്ടമാണ് അജൻഡ. അവർക്ക് രാജ്യത്തിന്റെ ഭരണഘടനയോ നിയമവ്യവസ്ഥകളോ ബാധകമല്ല. ശരിയത്ത് നിയമമാണ് അവരുടേത്. മതേതര പാർട്ടിയാണെന്ന് പറയിപ്പിക്കാൻ അവർക്ക് കഴിയുന്നു. അതാണ് വോട്ടുബാങ്കിന്റെ കരുത്ത്. മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റെയും അന്തകരാണവർ. ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട മതാധിപത്യം ഈഴവരടക്കമുള്ള മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യനീതി നിഷേധിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. അതാണ് മലപ്പുറത്ത് പറഞ്ഞതും.
വർഗീയതയെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോൾ ചെകുത്താൻ വേദമോതുന്നത് പോലെയാണ് കേൾക്കുന്നവർക്ക് തോന്നുക. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി മറ്റൊരു സമുദായത്തിൽ നിന്നുള്ളയാളെ നിയമിച്ചത് അനുചിതമായെന്ന് താൻ പറഞ്ഞതിനെ നിയമനം നടത്തിയ എൽ.ഡി.എഫ് പോലും എതിർത്തില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് എതിർത്തത്. കാരണം ആസ്ഥാനത്തേക്ക് നിയമിക്കപ്പെട്ടയാൾ മുസ്ലിമായിരുന്നു.
കേരളം ചർച്ച ചെയ്യുന്ന മാങ്കൂട്ടത്തിലിന്റെ ആചാര്യനാണ് കുഞ്ഞാലിക്കുട്ടി. പഴയ ഐസ്‌ക്രീം കേസൊന്നും കേരളം മറന്നിട്ടില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വഭാവശുദ്ധിയുണ്ടാവണം. അവർ പൊതുസമൂഹത്തിന് മാതൃകയാവണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ്‌പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം.ബാബു, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ, വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |