ചേർത്തല : എസ്.എൻ.ഡി.പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലും ചൂലുമല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തെ കാവി പുതപ്പിക്കാനോ ചുമപ്പ് പുതപ്പിക്കാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
'വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്നതാണ് സംഘടന. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ടാകും. എല്ലാവരെയും ഒന്നിപ്പിച്ച് നിറുത്തിയാണ് യോഗം മുന്നോട്ടുപോകുന്നത്. ഞാൻ രാഷ്ട്രീയക്കാരനല്ല. പ്രശ്നാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. ഇതിന്റെ പേരിൽ കാവി പുതപ്പിക്കാനും വർഗീയവാദിയാക്കാനുമാണ് ശ്രമം. ശബരിമല വിഷയത്തിൽ എന്നെ കമ്മ്യൂണിസ്റ്റുകാരനാക്കി. ഇപ്പോൾ ബി.ജെ.പിക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. എം.വി. ഗോവിന്ദന്റേത് രാഷ്ട്രീയ അഭിപ്രായമാണ്. ഇതിന്റെ പേരിൽ ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കേണ്ട. തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ ലഭിച്ചില്ലെന്ന ഇടതുപക്ഷത്തിന്റെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ഇടതു മുന്നണി ശൈലി മാറ്റിയാൽ നഷ്ടപ്പെട്ട അടിസ്ഥാനവർഗത്തിന്റെ വോട്ടുകൾ തിരിച്ചുപിടിക്കാനാകും. എൽ.ഡി.എഫിന്റെ അമിതമായ മുസ്ലിം പ്രീണനം മൂലം ക്രിസ്ത്യാനികൾ ഉൾപ്പെടെ ബി.ജെ.പിയിൽ ചേരാൻ തയ്യാറെടുക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന യുവതലമുറയെ ശത്രുപക്ഷത്ത് എത്തിക്കുന്ന സമീപനം ശരിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പലതവണ ദ്രോഹിച്ചെങ്കിലും നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇപ്പോഴും താൻ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും കോൺഗ്രസുമായി ഒരു യോജിപ്പുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |