തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലർ. ജീവനക്കാരുടെ പെരുമാറ്രച്ചട്ടത്തിനും സർക്കാർ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി, ഓഫീസ് പ്രവർത്തനത്തിന് തടസമാവുന്നതിനാലാണ് നടപടി.
വിലക്ക് ജനാധിപത്യമല്ലെന്ന അഭിപ്രായമുണ്ടെങ്കിലും ഭരണ,പ്രതിപക്ഷ സംഘടനകൾ പരസ്യമായി എതിർത്തിട്ടില്ല. രണ്ട് പക്ഷത്തെയും സർവീസ് സംഘടനകൾക്ക് സാംസ്കാരിക കൂട്ടായ്മകളുണ്ട്. അവ കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. വിവിധ വകുപ്പുകളുടെ കൂട്ടായ്മകളും വാട്ട്സാപ്പ് ഗ്രൂപ്പുളും സെക്രട്ടേറിയറ്റിൽ ഉൾപ്പെടെയുണ്ട്. ഉച്ചഭക്ഷണ സമയത്താണ് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. പലപ്പോഴും ഇതിന്റെ സമയം അതിക്രമിച്ചു പോകുന്നത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുമെന്ന് പല സംഘടനകളും രഹസ്യമായി സമ്മതിക്കുന്നു. ഈ ഗ്രൂപ്പുകൾ ഒന്നിച്ചുള്ള ഉച്ചഭക്ഷണവും യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലം ജോലികൾ വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുമൂലമാണ് സർക്കുലർ ഇറക്കിയത്.
വിലക്ക് ജനാധിപത്യമല്ല. കൂട്ടായ്മകളുടെ പേരിൽ പിരിവ് നടത്തുന്നത് വർദ്ധിക്കുന്നുണ്ട്. സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് ജീവനക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിത്
ചവറജയകുമാർ
പ്രസിഡന്റ് , എൻ.ജി.ഒ അസോസിയേഷൻ
ജീവനക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടസപ്പെടുത്താനല്ല സർക്കുലർ. കൂട്ടായ്മകൾ പലപ്പോഴും ചേരിതിരവ് ഉണ്ടാക്കുന്നുണ്ട്. ഇത് സർവീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നു
അജിത്‌കുമാർ
ജനറൽ സെക്രട്ടറി, എൻ.ജി.ഒ യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |