തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയ്‌ക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയ്യാറാക്കും. ആവശ്യമുള്ള കുട്ടികൾക്ക് പഠന പിന്തുണ നൽകുമെന്നും, സമഗ്രഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തി മന്ത്രി
പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ നേട്ടം പത്തിന് എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദദിനമായി ആഘോഷിക്കും. സ്‌പെഷ്യൽ അസംബ്ലിയും ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ പൊതു സ്ഥലംമാറ്റ നടപടികൾ ഓൺലൈനായി നടത്തുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു. അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ പകർപ്പ് വിദ്യാർത്ഥികൾക്കും നൽകും. ഡി.ഡി, എ.ഇ.ഒ, ഡി.ഇ.ഒ, എന്നിവർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിക്കും. ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളിന്മേൽ കാലതാമസം വരുത്തരുതെന്ന് മന്ത്രി നിർദേശിച്ചു. 31ന് മുമ്പ് ഡി.ഡി, എ.ഇ.ഒ, ഡി.ഇ.ഒ തലത്തിലുള്ള നിയമകുരുക്കുകളില്ലാത്ത പെൻഡിംഗ് ഫയലുകൾ തീർപ്പാക്കണം.എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ പര്യാപ്തമായ ഫ്രണ്ട് ഓഫീസ് ഉണ്ടായിരിക്കണം. സ്‌കൂളുകളിൽ ഓഗസ്റ്റ് 15 നകം സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻ നിർബന്ധമായും ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സ്‌കൂൾ അദ്ധ്യാപകർക്ക്
കൗൺസലിംഗിൽ പരിശീലനം നൽകും : മന്ത്രിശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും പ്രാഥമിക കൗൺസലിംഗ് നൽകാനും അദ്ധ്യാപകരെ പ്രാപ്തരാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആദ്യഘട്ടമായി മൂവായിരം അദ്ധ്യാപകർക്ക് ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ച് പരിശീലനം നൽകും. ലഹരി ഉപയോഗം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുകയാണ് ലക്ഷ്യം.
പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു സ്‌കൂൾ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം, ഉറുദു എന്നീ വിഷയങ്ങളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ ഉൾപ്പെടുത്തി. 2026 ജനുവരി 30 വരെ നീളുന്ന ഒരു ലഹരിവിരുദ്ധ പ്രവർത്തന കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവ, ശാസ്ത്രോത്സവ മാനുവലുകൾ പരിഷ്കരിച്ചതു പോലെ കായികോത്സവ മാനുവലും പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |