
കൊളംബോ: ഇടയ്‌ക്കൊന്ന് വിയർത്തെങ്കിലും സൂപ്പർ 8 പോരാട്ടത്തിൽ അവസാന ഓവറിൽ വിജയം എത്തിപ്പിടിച്ചെടുത്ത് ഇംഗ്ളണ്ട്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ന്യൂസിലന്റ് മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ളണ്ട് നേടിയെടുത്തു. ആറ് വിക്കറ്റ് നഷ്‌ടത്തിൽ 117 റൺസ് എന്ന നിലയിൽ തോൽവി മുന്നിൽകണ്ട ഇംഗ്ളണ്ടിനെ വിൽ ജാക്‌സും (18 പന്തിൽ പുറത്താകാതെ 32), രേഹാൻ അഹമ്മദും (ഏഴ് പന്തിൽ പുറത്താകാതെ 19) ചേർന്ന് രക്ഷിച്ചു.
ജയത്തോടെ ഇംഗ്ളണ്ടിനൊപ്പം ഗ്രൂപ്പിൽ ആരാണ് സെമിയിൽ പ്രവേശിക്കുക എന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. പുറത്തായി എന്ന് ഏകദേശം കരുതിയിരുന്ന പാകിസ്ഥാന് ന്യൂസിലാന്റിന്റെ തോൽവി വലിയ ആശ്വാസമാണ് നൽകിയത്. ജയിച്ചിരുന്നെങ്കിൽ ഗ്രൂപ്പിൽ രണ്ടാമതായി അവർ സെമിയിൽ പ്രവേശിച്ചേനെ. ഇനി അടുത്ത മത്സരത്തിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാം.
നേരത്തെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ഇംഗ്ളണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്‌ളേ സമയത്ത് കൃത്യതയോടെ മുന്നേറിയ കിവീസ് ബാറ്റിംഗ് അതിനുശേഷം തകർന്നുതുടങ്ങി. ഏഴാം ഓവറിൽ ടീം സ്‌കോർ 64ൽ നിൽക്കെ ടിം സെയ്ഫർട്ട് (35) പുറത്തായി. തൊട്ടുപിന്നാലെ രണ്ട് റൺസ് കൂട്ടിച്ചേർത്തതോടെ മറ്റൊരു ഓപ്പണർ ഫിൻ അലനും (29) മടങ്ങി. പിന്നീട് നിശ്ചിത ഇടവേളകളിൽ ന്യൂസിലാന്റിന്റെ വിക്കറ്റുകൾ ഇംഗ്ളണ്ട് ബൗളർമാർ നേടിക്കൊണ്ടേയിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവർ 159 റൺസ് നേടി. ന്യൂസിലാന്റിനായി ഗ്‌ളെൻ ഫിലിപ്സ് (39) ആണ് തിളങ്ങിയത്. ഇംഗ്ളണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്സ്, രേഹാൻ അഹ്മദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇംഗ്‌ളണ്ടിനായി ടോം ബാൻടൺ 33 റൺസ് നേടി. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (26), ജേക്കബ് ബെഥെൽ (21), സാം കറൻ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഓപ്പണർമാരായ ജോസ് ബട്‌ലർ (0), ഫിൽ സാൾട്ട് (2) എന്നിവർ നിരാശപ്പെടുത്തി. ന്യൂസിലാന്റിനായി രചിൻ രവീന്ദ്ര നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |