
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും പ്രതിരോധത്തിൽ . നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ തോൽവിയുടെ വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല സ്വർണക്കൊള്ള കേസും തിരിച്ചടിയായെന്നാണ് പ്രാഥമിക ചർച്ചകളിൽ നിന്ന് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തവണ ഭരണത്തിലിരുന്ന അഞ്ച് കോർപ്പറേഷനുകളിൽ കോഴിക്കോടൊഴികെ എൽ.ഡി.എഫിന് എല്ലാം നഷ്ടമായി. തിരുവനന്തപുരത്ത് എൻ.ഡി.എയുടെ മുന്നേറ്റവും കൊല്ലം , ആലപ്പുഴ ജില്ലകളിലെ തോൽവിയും അപ്രതീക്ഷിത കനത്ത തിരിച്ചടിയായി. കൂടാതെ കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും എൽ.ഡി.എഫിന് വിജയം നേടാൻ ആയില്ല,
ത്രിതല പഞ്ചായത്തുകളും എൽ.ഡി.എഫിനെ കൈവിട്ടു, കഴിഞ്ഞ തവണ കൈയിലുണ്ടായിരുന്ന 514പഞ്ചായത്തുകളിൽ നിന്ന് 341ലേക്ക് താഴ്ന്നു . 108 ബ്ലോക്കുകളിൽ 63 എണ്ണം മാത്രമാണ് നിലനിറുത്താൻ കഴിഞ്ഞത്. 11 ജില്ലാ പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്നിടത്ത് ഏഴായി കുറയുകയും ചെയ്തു. ബി.ജെ.പിക്കെതിരായ വർഗീയതയും കോൺഗ്രസിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിനെ മുൻനിറുത്തിയുള്ള ലൈംഗിക ആരോപണങ്ങളും ഉയർത്തി സി.പി.എം പ്രചാരണം നടത്തിയെങ്കിലും അതൊന്നും ഭരണ വിരുദ്ധ വികാരത്തെ തടഞ്ഞു നിറുത്താൻ പര്യാപ്തമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ട്രെൻഡ് തുടർന്നാൽ മൂന്നാം പിണറായി സക്കാർ എന്ന എൽ.ഡി.എപ് സ്വപ്നം തകരും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ തന്നെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |