
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് തകർന്നടിയുന്നതാണ് ഇത്തവണ കാണുന്നത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങൾ കേരളത്തിലുടനീളം എൽഡിഎഫ് വിരുദ്ധചലനങ്ങളുണ്ടാകുന്നതിന് കാരണമായി. എന്നാൽ, ശബരിമല വിവാദങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് കരുതിയ പന്തളം നഗരസഭയിൽ പക്ഷേ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ഇവിടെ എൻഡിഎയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോടുള്ള ജനങ്ങളുടെ അമർഷം എൽഡിഎഫിന്റെ തിരിച്ചുവരവിലേക്ക് നയിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ നേടിയ ഒമ്പതു സീറ്റുകളിൽ നിന്നും ഇത്തവണ 14 സീറ്റുകൾ നേടിയാണ് എൽഡിഎഫ് മുന്നിലെത്തിയത്.
തീപാറുന്ന പോരാട്ടം തന്നെയാണ് ഇത്തവണ നഗരസഭയിൽ നടന്നത്. നഗരസഭ കൈവിടാതിരിക്കാൻ എൻഡിഎയും തിരിച്ചുപിടിക്കാൻ എൽഡിഎഫും ശക്തി തെളിയിക്കാൻ യുഡിഎഫും ശക്തമായി പരിശ്രമിച്ചു. ജില്ലയിലെ മറ്റ് നഗരസഭകളെ അപേക്ഷിച്ച് 71.28 ശതമാനം പോളിംഗ് ആണ് പന്തളം നഗരസഭയിൽ നടന്നത്. 79.71 ശതമാനം പോളിംഗ് നടന്ന മെഡിക്കൽ മിഷൻ വാർഡിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്‌തത്.
2015ൽ 33 വാർഡുകളോടെയാണ് പന്തളം നഗരസഭ രൂപം കൊണ്ടത്. ഇക്കുറി വാർഡ് വിഭജനം പൂർത്തിയായപ്പോൾ 34 വാർഡായി ഉയർന്നു. 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് 2015 ൽ എൽഡിഎഫ് അധികാരം നേടിയത്. എന്നാൽ പിന്നീട് ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹിക രാഷ്‌ട്രീയ വിവാദങ്ങൾ എൽഡിഎഫിന് വലിയ തിരിച്ചടിയായി. 2015ലെ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ മാത്രം നേടി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന എൻഡിഎ 2020ലെ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടുന്നതിന് ആ വിവാദങ്ങൾ കാരണമായി. ഇത്തവണയും ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലായിരുന്നു എൻഡിഎ. എന്നാൽ മറ്റ് രണ്ട് മുന്നണികൾക്കും അവസരം നൽകിയ പന്തളം നഗരസഭ ഇത്തവണ യുഡിഎഫിനെ പിന്തുണയ്‌ക്കും എന്ന വിധത്തിലായിരുന്നു ആദ്യ ഫല സൂചനകൾ പുറത്ത് വന്നത്. എന്നാൽ അവസാന നിമിഷം എൽഡിഎഫ് മുന്നേറ്റം കുറിക്കുകയായിരുന്നു.
പന്തളം നഗരസഭ തിരിച്ചുപിടിച്ചത് എൽഡിഎഫിനെ സംബന്ധിച്ച് വലിയൊരാശ്വാസം തന്നെയാണ്. എന്നാൽ കഴിഞ്ഞ തവണ ആധിപത്യമുണ്ടാക്കിയിടത്ത് ഇത്തവണ അവസാനമായി പിന്തളളപ്പെട്ടത് എൻഡിഎക്കുള്ളിൽ ചർച്ചയാകുമെന്നതിൽ സംശയമില്ല. കേരളത്തിലാകമാനം ശബരിമല സ്വർണക്കൊള്ള എൽഡിഎഫിന് പ്രതികൂല സാഹചര്യം സൃഷ്‌ടിച്ചപ്പോൾ എന്തുകൊണ്ട് പന്തളം നഗരസഭ എൽഡിഎഫിനെ വീണ്ടും സ്വാഗതം ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ നഗരസഭാ ഭരണത്തിന്റെ പോരായ്‌മകളിലേക്ക് കൂടിയല്ലേ ഈ തോൽവി വിരൽ ചൂണ്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |