ദുബായ്: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും തൃശൂർ തന്നാൽ എടുക്കും അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പട്ട് ദുബായിൽ ചേർന്ന വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തൃശൂർ തന്നാൽ എടുക്കും. അതിൽ ഒരു അമാന്തവും കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അതുപോര എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തതെന്ന് കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ താനില്ല'- സുരേഷ് ഗോപി പറഞ്ഞു.
'ഞാൻ ഒരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും ഇത്തവണ ജയിപ്പിക്കണമെന്നാണ് ജനങ്ങളോടുള്ള അപേക്ഷ. അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് 2104ൽ രാഷ്ട്രീയത്തിലിറങ്ങി മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. തെറ്റായ നിലപാടാണ് എടുത്തതെന്ന വിമർശനം പലപ്പോഴും ഉയർന്നിട്ടുണ്ട്. ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്ന സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്. അതാണ് നീതി'- സുരേഷ് ഗോപി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |