SignIn
Kerala Kaumudi Online
Thursday, 18 September 2025 9.18 PM IST

'സ്വന്തം നഗ്നത മറയ്‌ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം'; കുപ്രചരണങ്ങൾക്കെതിരെ കെജെ ഷൈൻ

Increase Font Size Decrease Font Size Print Page
kj-shine

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലും ചില മാദ്ധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് സിപിഎം നേതാവും അദ്ധ്യാപികയുമായ കെജെ ഷൈൻ. തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി കെജെ ഷൈൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽകും. സ്വന്തം നഗ്നത മറച്ചുപിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്നും കെജെ ഷൈൻ കുറിച്ചു. തന്നെയും തന്റെ പങ്കാളിയെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യക്തിപരമായും കുടുംബപരമായും തേജോവധം ചെയ്യുന്ന തരത്തിൽ കുപ്രചരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരം അപവാദങ്ങൾ ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്‌നേഹിതരെയും സഹപ്രവർത്തകരെയുമെല്ലാം മാനസികമായി വേദനിപ്പിക്കുകയാണ്. രാഷ്‌ട്രീയപരമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചരണം നടക്കുന്നതെന്നും കെജെ ഷൈൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.

പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്.

രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.

രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.

ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.

ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്‍റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്.

- കെ.ജെ ഷൈന്‍ ടീച്ചർ

TAGS: KJ SHINE, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.