തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളും ഹണി ട്രാപ്പും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള ബ്ലാക്ക്‌മെയിലിംഗിന് കൂടുതലായും ഇരയാകുന്നത് പുരുഷന്‍മാരും ആണ്‍കുട്ടികളുമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമ മാദ്ധ്യമ അക്കൗണ്ടുകളില്‍ പരിചയമില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരത്തില്‍ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നത് ഒഴിവാക്കാന്‍ കുട്ടികളെ ബോധവത്കരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്.
കേരള പൊലീസ് പങ്കുവച്ച കുറിപ്പ് ചുവടെ
ഒന്ന് സൂക്ഷിച്ചേക്കണേ...
ഓണ്‍ലൈന്‍ ബ്ലാക്ക്‌മെയിലിംഗിന് പുരുഷന്മാരും ആണ്‍കുട്ടികളും കൂടുതലായി ഇരയാകുന്നുണ്ട്.
ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും, അറിയാത്ത ആളുകളില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും കുട്ടികളെ ബോധവാന്മാരാക്കുക.
ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാണ്. ലൈംഗികചൂഷണം, പണം തട്ടല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടുകയും ചെയ്യുന്ന ഹണി ട്രാപ് കേസുകളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഇന്ന് സംസ്ഥാനത്ത് ഇത്തരം കേസുകളില്‍ നല്ലൊരു പങ്കും നടക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.
ഒരു 'ഹായ്' മെസേജില്‍ തുടങ്ങുന്ന സൗഹൃദം പിന്നീട് ജീവിതത്തെപ്പോലും തകര്‍ക്കുന്ന രീതിയിലേക്ക് വഴി മാറുന്നു. നിരന്തരം ചാറ്റുചെയ്ത് സൗഹൃദമുറപ്പിക്കും. പഠന പ്രശ്‌നം, കുടുംബപ്രശ്‌നം, ജോലിസമ്മര്‍ദ്ദം... എന്തുണ്ടെങ്കിലും ക്ഷമയോടെ കേട്ട് സമാധാനിപ്പിക്കും. പതിയെ ടോണ്‍ മാറും. ലൈംഗിക വിഷയത്തിലേക്ക് കടക്കും. വീഴുന്നവരെ കുടുക്കി പീഡിപ്പിക്കും. അല്ലെങ്കില്‍ ബ്‌ളാക്ക്മെയില്‍ ചെയ്ത് പണം തട്ടും. ഡേറ്റിംഗ് ആപ്പുകളില്‍ കുടുങ്ങുന്നവര്‍ കേരളത്തിലും വര്‍ദ്ധിക്കുന്നു.
കാസര്‍കോട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 17കാരനെ എ.ഇ.ഒ അടക്കം 20 പേര്‍ രണ്ടു വര്‍ഷം പീഡിപ്പിച്ച സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പതിനെട്ടുവയസാണ് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാന്‍ വച്ചിട്ടുള്ള പ്രായപരിധി. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ, വയസ് കൂട്ടിക്കാണിച്ച് ഉപയോഗിക്കുന്നു. പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. പ്രായം,സ്ഥലം,പേര്,വിനോദങ്ങള്‍ എന്നിവ നല്‍കി മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് അക്കൗണ്ട് നിര്‍മ്മിക്കുന്നത്.
സ്ത്രീകളെയാണ് ഇരയാക്കുന്നതെങ്കില്‍ നഗ്‌നവീഡിയോ എടുത്ത്, ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാം. ആണ്‍കുട്ടികളെ പ്രധാനമായും ലഹരി വാഗ്ദാനം ചെയ്താണ് വീഴ്ത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |