കാസർകോട്: രാജ്യത്ത് കോൺഗ്രസ് നടപ്പിലാക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കാസർകോട് വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ തീവ്രവാദികളെക്കുറിച്ച് പറയുമ്പോൾ അതെങ്ങനെ ഇസ്ലാമോഫോബിയ ആകും. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇതിൽ നിന്ന് വ്യക്തമാണ്. പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് വെടിവെച്ച് കൊന്ന പാകിസ്ഥാൻ തീവ്രവാദത്തെ എതിർത്തപ്പോൾ കോൺഗ്രസും സിപിഎമ്മും പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇരു പാർട്ടികളുടേയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന, നുണ പറയുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രത്യയ ശാസ്ത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ഇപ്പോൾ സിപിഎം മിനി കോൺഗ്രസ് ആയി മാറിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
'കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരിന് കടം വാങ്ങാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ആശാവർക്കർമാരുടെ വേതന വർദ്ധനവ്, സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ഒന്നും തന്നെ നൽകാൻ കഴിയുന്നില്ല. കേരളത്തിന് ആകെ കാണിക്കാനുള്ളത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയപാത വികസനം മാത്രമാണ്. മുസ്ലിം ലീഗ് യഥാർത്ഥത്തിൽ പണക്കാരായ മുസ്ലിം വിഭാഗത്തിന് മാത്രമായുള്ള സംഘടനയായി മാറി. അതാണ് വഖഫ് ബോർഡ് ബില്ലിന്റെ കാര്യത്തിൽ എടുത്തിട്ടുള്ള നിലപാട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ബിജെപി മുന്നോട്ട് വെക്കുന്നത് വികസിത കേരളമാണ്. എല്ലാവർക്കും വേണ്ടി എല്ലായിപ്പോഴും പ്രവർത്തിക്കുക എന്നതാണ്. മാറ്റം കൊണ്ടുവരാൻ ബിജെപി ആഗ്രഹിക്കുന്നു. അതിന് വേണ്ടി കേരളത്തിൽ അധികാരത്തിൽ വരണമെന്ന ദൗത്യമാണ് ലക്ഷ്യമിടുന്നത്. നാല് കോടി ജനങ്ങളുടെ വികസനം, ക്ഷേമം തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്നത്. വികസനമെന്ന രാഷ്ട്രീയവാഗ്ദാനമല്ല, മറിച്ച് ജനങ്ങളുടെ കഷ്ടതകൾക്ക് പരിഹാരം കാണുക, യുവാക്കളുടെ സ്വപ്നം യഥാർത്ഥ്യമാക്കുന്ന വികസനമാണ് ബിജെപിയുടേത്.' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |