SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.09 PM IST

രാവും പകലും തൃശൂരിനായി മാറ്റിവച്ച സുരേഷ് ഗോപി; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പദവി 'ഒതുക്കലോ'? സംശയിച്ച് പ്രവ‌ർത്തക‌ർ

Increase Font Size Decrease Font Size Print Page

sureshgopi

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതിനിടെയാണ് നടനും മുൻ എംപിയുമായി സുരേഷ് ഗോപിയെ തേടി സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം എത്തിയത്. എന്നാൽ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമേ ചുമതല ഏറ്റെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയുള്ളത്. തന്നോട് ആലോചിക്കാതെ അദ്ധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാണ്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന പ്രതീക്ഷ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടുള്ളവർക്കുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതോടെ സുരേഷ് ഗോപി എന്ത് തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് സോഷ്യൽ മീഡിയ വഴി പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാൽ സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. സുരേഷ് ഗോപി പോലും ഇക്കാര്യം ചാനൽ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തന്നോട് ആലോചിക്കാതെ തിരഞ്ഞെടുത്തതിൽ താരത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാൽ കേന്ദ്ര നേതൃത്വം പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ തള്ളിക്കളയാൻ സുരേഷ് ഗോപിക്ക് ആവില്ല.

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ഒഴിവാക്കാൻ മനപ്പൂർവം നടത്തുന്ന ഒതുക്കൽ നീക്കങ്ങളാണോ എന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ സംശയിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമോ എന്ന ആശങ്ക ഏറ്റവും അടുത്തുള്ളവർക്കുണ്ട്. കേന്ദ്ര നേതൃത്വവുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം.

തൃശൂർ മണ്ഡലത്തിലെ എല്ലാ കാര്യങ്ങൾക്കും സുരേഷ് ഗോപി സജീവമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. ബിജെപി കേരളത്തിൽ എ പ്ലസ് മണ്ഡലമെന്ന് കണക്കാക്കി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിച്ച മണ്ഡലമായിരുന്നു തൃശൂ‌ർ.

കൂടാതെ കഴിഞ്ഞ മാർച്ചിൽ. തേക്കിൻകാട് മൈതാനത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു. സുരേഷ്‌ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ദേശീയതലത്തിൽ തൃശൂർ ശ്രദ്ധാകേന്ദ്രമാകും. നരേന്ദ്ര മോദിയും അമിത്ഷായും ശ്രദ്ധപതിപ്പിക്കുന്ന നേതാവാണ് സുരേഷ്‌ഗോപി.

TAGS: SURESHGOPI, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY