
കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അനധികൃത മീൻപിടിത്തം. തീരത്തോട് ചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. തീരക്കടലിൽ കമ്പനിക്കടവ് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ ഗബ്രിയേൽ, ഗമാലിയേൽ എന്നീ രണ്ടുബോട്ടുകൾ മിന്നൽ കോബിംഗിൽ പിടിച്ചെടുത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനയ്ക്കക്കടവ് ഹാർബറിൽ പരസ്യലേലം ചെയ്ത് ലഭിച്ച 3.246 ലക്ഷം സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ട് ബോട്ടിനും കൂടി അഞ്ച് ലക്ഷം പിഴ ഈടാക്കുകയും ചെയ്തു. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
മിനിഞ്ഞാന്ന് ഇവിടെ നിന്നും മൂന്ന് ബോട്ടുകൾ പിടികൂടിയിരുന്നു. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസിയുടെയും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. കമ്പനിക്കടവ് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേകസംഘത്തിൽ എ.എഫ്.ഇ.ഒ സമ്‌ന ഗോപൻ, മെക്കാനിക് മനോജ് തെടാത്തറ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽ കുമാർ, റെസ്‌ക്യൂ ഗാർഡുമാരായ കൃഷ്ണപ്രസാദ്, ശ്രേയസ്, സിജീഷ്, ഡ്രൈവർ അഷറഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ബോട്ട് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |