വരന്തരപ്പിള്ളി (തൃശൂർ): കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദചർച്ചയിൽ പങ്കെടുത്ത വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാർഡിലെ നാല് ബി.ജെ.പി പ്രവർത്തകരും അവരുടെ കുടുംബങ്ങളും കോൺഗ്രസിൽ ചേർന്നു. ശനിയാഴ്ചയാണ് കലുങ്ക് ചർച്ച വരന്തരപ്പിള്ളി നാലാം വാർഡിൽ നടന്നത്. ബി.ജെ.പി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച വാർഡാണ് വരന്തരപ്പിള്ളിയിലെ നാലാം വാർഡ്. കെ.പി.സി.സി അംഗം നിഖിൽ ദാമോദരൻ ബി.ജെ.പി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അംഗത്വം നൽകി. അതേസമയം, ബി.ജെ.പി പ്രവർത്തകർക്ക് അംഗത്വം നൽകിയത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അറിയിക്കാതെയാണെന്ന് ആക്ഷേപം ഉയർന്നു. ഗ്രൂപ്പ് പോരാണ് ഇതിന് പിന്നിലെന്ന് അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |