തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു കൂടി രംഗത്തിറങ്ങുന്നതോടെ ആലത്തൂരിലെ പ്രചാരണച്ചൂട് ഇരട്ടിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ രമ്യ ഹരിദാസും എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി കെ. രാധാകൃഷ്ണനും പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇനിയും സമയമുള്ളതിനാൽ വൈകിയിട്ടില്ലെന്നാണ് എൻ.ഡി.എയുടെ പക്ഷം. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ച് ആലത്തൂരിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ.
സ്വപ്ന സഫല്യത്തിന് കോൺഗ്രസ് വരണം
രമ്യ ഹരിദാസ് (യു.ഡി.എഫ് സ്ഥാനാർത്ഥി)
വർഗീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് മുഖ്യവിഷയം. വിലക്കയറ്റവും, പെട്രോൾ, ഡീസൽ വിലവർദ്ധനയും തൊഴിലില്ലായ്‌മയും കർഷക പ്രശ്‌നങ്ങളുമെല്ലാം പ്രധാന വിഷയങ്ങളാണ്. ഭരണഘടന വെല്ലുവിളി നേരിടുന്നു. പത്തുവർഷം കോൺഗ്രസ് ഭരണത്തിൽ ഇല്ലാതിരുന്നപ്പോഴേക്കും ലോകരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യ പിന്നോട്ടുപോയി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവരുടെ സ്വപ്നം പൂവണിയാൻ കോൺഗ്രസ് അധികാരത്തിലെത്തണം. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ. കേരളത്തിൽ വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ക്ഷേമ പെൻഷനുകളെ ആശ്രയിക്കുന്ന ലക്ഷങ്ങൾ പട്ടിണിയിലാണ്. ധൂർത്തിന് കുറവില്ല. ഭരണാധികാരികൾ സാമ്പത്തിക തട്ടിപ്പുകളുടെ സംശയ നിഴലിലാണ്. അതേപ്പറ്റി ചോദിച്ചാൽ ധിക്കാരത്തോടെയാണ് പെരുമാറ്റം. ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന പോലും ഭീകരമായാണ് പ്രവർത്തിക്കുന്നത്. ജയിച്ചാൽ അഞ്ചുവർഷത്തെ വികസന പ്രവർത്തനം തുടരും. കർഷകരുടെ പ്രശ്‌നപരിഹാരത്തിനാകും ഊന്നൽ. കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ബൃഹത്തായ പദ്ധതികളുണ്ടാക്കും. വന്യമൃഗശല്യം പാർലമെന്റിൽ ഉന്നയിച്ചതാണ്. അക്കാര്യത്തിൽ കുറേക്കൂടി വ്യക്തത വരുത്തുന്ന ബില്ല് കൊണ്ടുവരാൻ ശ്രമിക്കും.
ജനവിരുദ്ധത ചെറുക്കുന്നത് ഇടതുപക്ഷം മാത്രം
കെ. രാധാകൃഷ്ണൻ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. ഫെഡറലിസം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു. നാനാത്വത്തിൽ ഏകത്വം പോലും ഹിന്ദുരാഷ്ട്രത്തിനായി ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ മുമ്പിൽ തകരുകയാണ്. വർഗീയ നിലപാടിനെ ചെറുക്കാൻ പാർലമെന്റിൽ ഇടത് അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും. സംസ്ഥാന ഭരണവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പായതിനാൽ പ്രധാനമായും കേന്ദ്രനയങ്ങൾ സംസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്നാണ് വിലയിരുത്തുക. കേരളത്തിന് അർഹമായ പണം കിട്ടാൻ സുപ്രീം കോടതി വരെ പോകേണ്ടിവന്ന സാഹചര്യമുണ്ടായത് ജനത്തിനറിയാം. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. എന്നാൽ അർഹതപ്പെട്ട പണം നൽകാതെ ജനങ്ങളെ ഇടതുമുന്നണിക്ക് എതിരാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. വിജയിച്ചാൽ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യും. ഞാൻ ജയിച്ചപ്പോഴൊക്കെ അത് ചെയ്തിട്ടുമുണ്ട്. മണ്ഡലത്തിൽ ഇടതുമുണന്നിക്ക് അനുകൂലമായ രാഷ്ട്രീയസ്ഥിതിയാണുള്ളത്.
ലക്ഷ്യം മണ്ഡലത്തിലെ വികസനം മാത്രം
ഡോ. ടി.എൻ. സരസു, എൻ.ഡി.എ സ്ഥാനാർത്ഥി
വികസനം മാത്രമാണ് ലക്ഷ്യം. അതിനായി പരമാവധി ചെയ്യും. വിവിധ മേഖലകളിൽ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരഹരിക്കണം. മോദി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് നൂറു ശതമാനം ഉറപ്പാണ്. അതിനാൽ മണ്ഡലത്തിൽ ഇതുവരെ കാണാത്ത വികസന പദ്ധതികൾ കൊണ്ടുവരാനാകും. കൂടുതൽ സേവനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെത്തിയത്. എന്നാൽ എസ്.എഫ്.ഐയും ഇടത് അദ്ധ്യാപക സംഘടനകളും എതിർത്തു. വിരമിക്കുന്ന ദിവസം അവരെനിക്ക് ശവക്കൂനയൊരുക്കി യാത്രയാക്കിയത്. അക്കാലത്ത് പിന്തുണ നൽകാൻ ബി.ജെ.പി മാത്രമാണ് ഉണ്ടായിരുന്നത്. ബി.ജെ.പിയിലൂടെ സേവനത്തിന് അവസരമുണ്ടാകുമെന്നും വികസനം സാദ്ധ്യമാക്കാമെന്നും ഉറപ്പുണ്ട്. സ്ത്രീകളുടെ വികസനത്തിന് വേണ്ടിയും കഴിയുന്നതെല്ലാം ചെയ്യും. മണ്ഡലത്തിന്റെ പുരോഗതിക്കായി പൂർണസമർപ്പണം നടത്താനാണ് ആഗ്രഹം. ജനങ്ങൾ എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യും. ബി.ജെ.പിയിൽ വർഗീയത ആരോപിക്കുന്നത് രാഷ്ട്രീയലക്ഷ്യം മുന്നിൽകണ്ടാണ്. മതേതരത്വത്തിന് ബി.ജെ.പി വെല്ലുവിളിയാണെന്നതും തെറ്റായ പ്രചാരണമാണ്. ഇത് തുറന്നുകാട്ടാനും ശ്രമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |