തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡ് നിർണ്ണയത്തിനുള്ള നറുക്കെടുപ്പ് ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 16 വരെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിർണ്ണയിക്കുക. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായേക്കും.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും 14 ജില്ലാ പഞ്ചായത്തുകളിലേത് 21നും കലക്ടറേറ്റുകളിൽ നടക്കും. 16നാണ് നഗരസഭാ വാർഡുകളുടെ നറുക്കെടുപ്പ്. കോർപറേഷനുകളിലേത് 17, 18, 21 തീയതികളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും
വാർഡ് വിഭജനത്തിനു ശേഷം, നിലവിലെ ഒരു വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യ ഉൾപ്പെടുന്ന പുതിയ വാർഡിന് പഴയ വാർഡിന്റെ സംവരണ നില കണക്കാക്കി സംവരണം നിശ്ചയിക്കും.ഒരു സംവരണ വിഭാഗത്തിന് 2025ൽ സംവരണം നീക്കിവയ്ക്കുന്നതിന്, അതേ വിഭാഗത്തിന് 2020ലോ 2015ലോ സംവരണം ചെയ്ത വാർഡുകൾ ഉണ്ടെങ്കിൽ അവ ആദ്യം ഒഴിവാക്കിയാണ് ആവർത്തനക്രമം നിശ്ചയിക്കുന്നത്. ഓരോ വിഭാഗത്തിനും 2020ൽ സംവരണം ചെയ്തിരുന്ന വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ്.
പാർട്ടി ചിഹ്നത്തിൽ പരാതികൾ 15ന് കേൾക്കും
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചിഹ്നങ്ങൾ വിതരണം ചെയ്തതിൻമേലുള്ള പരാതികൾ 15ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് കേൾക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ജനഹിതം' ഓഫീസിലെ ഒന്നാം നിലയിലുള്ള കോർട്ട് ഹാളിൽ രാവിലെ 11നാണ് ഹീയറിംഗ്. ദേശീയ പാർട്ടികൾക്കും സംസ്ഥാന പാർട്ടികൾക്കും ഒൗദ്യോഗികചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്. അതല്ലാതെ വിതരണം ചെയ്ത ചിഹ്നങ്ങളിലാണ് പരാതികളുളളത്. സെപ്തംബർ 19നാണ് തദ്ദേശതിരഞ്ഞെടുപ്പിനുള്ള ചിഹ്നങ്ങൾ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |