
തിരുവനന്തപുരം : പിഎം ശ്രീയിൽ കേരളം ഒപ്പുവെച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ നേതൃത്വം അമർഷത്തിലാണ്. മുന്നണി മര്യാദയുടെ ലംഘനമെന്ന് നേതാക്കൾ ഒന്നടങ്കം വിലയിരുത്തി. ഇതോടെയാണ് ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഓൺലൈനായാണ് യോഗം ചേരുക.
യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിക്കും. സർക്കാരിനെതിരെ തിരിയുമോ, എൽ.ഡി.എഫിന്റെ ഭാവിയെ കരുതി വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.
പിഎം ശ്രീയിൽ ഒപ്പിട്ടെന്ന വാർത്ത ഇന്നലെ രാത്രി വന്നെങ്കിലും പരസ്യപ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ല. സമരരംഗത്തേക്ക് ഇറങ്ങാൻ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫും തീരുമാനിച്ചു. ഇന്നലെ രാത്രി അടിയന്തരമായി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഓൺലൈനായി ചേർന്നാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാൻ എ.ഐ.എസ്.എഫ് തീരുമാനിച്ചത്. ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ലെന്ന് എക്സിക്യൂട്ടിവ് വിലയിരുത്തി. പിഎം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളത് കൊണ്ടാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്. ഈ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.
സി.പി.എമ്മിന്റെ ധാർഷ്ട്യത്തിന് വഴങ്ങരുത്
പി.എം ശ്രീ പദ്ധതി സ്വീകരിക്കരുതെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കാൻ ഇന്നലെ നടന്ന സി.പി.ഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനം.
പദ്ധതി സംഘ്പരിവാർ അജണ്ടയാണെന്ന കാര്യം മുൻനിർത്തി പാർട്ടിക്കുള്ള വിയോജിപ്പ് സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതായി പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
അവസരവാദം നടത്തുന്നതിനെ പിന്തുണയ്ക്കാൻ ആത്മാഭിമാനമുള്ള സി.പി.ഐക്ക് കഴിയില്ല. നിലപാട് മാറ്റുന്നുവെങ്കിൽ സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുചേർത്തശേഷം മാത്രമേ പാടുള്ളൂവെന്ന് അംഗങ്ങൾ നിർദേശിച്ചു. ഈ നിബന്ധന ബിനോയ് വിശ്വം അംഗീകരിച്ചു. എലപ്പുള്ളി, ബ്രൂവറി വിഷയത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത നിലപാട് സ്വീകരിച്ച നേതൃത്വം, മുന്നണി യോഗത്തിൽ അയയുകയും സി.പി.എം അജണ്ട പാസാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
നേതാക്കൾ അടക്കമുള്ള പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നതിലും വിമർശനമുയർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
എം.വി.ഗോവിന്ദന് വിമർശനം
സി.പി.ഐയുടെ എതിർപ്പിനെക്കുറിച്ചാരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട് 'ഏതു സി.പി.ഐ 'എന്ന് ചോദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അംഗങ്ങൾ ശക്തമായ രീതിയിൽ പ്രതികരിച്ചു. ഗോവിന്ദന്റേത് വിവരമില്ലായ്മയാണെന്നും ഗോവിന്ദന്റെ ധാർഷ്ട്യത്തിനെതിരെ അതേ രീതിയിൽ പ്രതികരിക്കേണ്ടതായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
പറഞ്ഞിട്ടില്ലെന്ന്
എം.വി.ഗോവിന്ദൻ
'ഏതു സി.പി.ഐ ' എന്ന് വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ ബിനോയ് വിശ്വത്തോട് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അങ്ങനെ ഒരു വാചകം പറയുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ബിനോയ് പ്രതികരിച്ചത്. പി.എം.ശ്രീ വിഷയത്തിലെ നിലപാട് അറിയിക്കാൻ എം.വി.ഗോവിന്ദനെ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം ചർച്ചയായത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |