
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടിയെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. 'കാലം കാത്തിരിക്കുകയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി', എന്നാണ് സാറാ ജോസഫ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് വകവയ്‌ക്കാതെയാണ് പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള സർക്കാർ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയാണ് ഇന്നലെ ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം ചർച്ചകൾ നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ഒപ്പിട്ടത്. ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞുവച്ച സമഗ്ര ശിക്ഷാ കേരളയുടെ 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷം പ്രകടിപ്പിച്ചിരിക്കുകയാണ് സിപിഐ. ഇന്ന് ഉച്ചയ്‌ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ പൊതുഅഭിപ്രായം.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. സിപിഎം ദേശീയ നേതൃത്വത്തെയും എതിർപ്പ് അറിയിക്കും. സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടും. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും വിവരമുണ്ട്. പ്രതിപക്ഷത്തിന്റെ പരിഹാസവും അണികളുടെ ആശങ്കകളും എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്ക് കത്തയക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |