തിരുവനന്തപുരം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പോയിട്ടുള്ളതായി മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അവർ കേരളത്തിലെത്തുന്നത്. എംപാനൽഡ് ഏജൻസികൾ വഴിയാണ് അവർ ഇവിടെയെത്തിയത്. അവർ കുഴപ്പക്കാരിയാണെന്ന് സർക്കാരിനോ ഏജൻസികൾക്കോ അറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തതോടെ കേരളത്തിന്റെ ടൂറിസത്തെ ഇത് മോശമായി ബാധിച്ചു. കേരളം കുഴപ്പം പിടിച്ച സ്ഥലമാണെന്ന് വിനോദസഞ്ചാരികൾ കരുതും. രാഷ്ട്രീയപരമായി മന്ത്രിയെ ആക്രമിക്കുന്നത് തെറ്റല്ല. എന്നാൽ, ടൂറിസം പോലൊരു മേഖലയെ തകർക്കുന്നത് അംഗീകരിക്കാനാവില്ല.
ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ല: മന്ത്രി ഗണേശ്
വ്ലോഗർ ജ്യോതി മൽഹോത്ര പാക് ചാരയാണെന്നറിയാൻ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ലെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ. ടൂറിസം വകുപ്പ് ക്ഷണിച്ച 41 വ്ളോഗർമാരിൽ ഒരാളാണ് അവർ. ടൂറിസം മന്ത്രി മുഖ്യമന്ത്രിയുടെ മരുമകൻ ആണെന്നതാണോ പ്രശ്നം. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചത് തെറ്റാണോ.
മന്ത്രി സജി ചെറിയാന്റെ സംസാരത്തിൽ വിവാദം കാണുന്നില്ല. കൊവിഡ് കാലത്ത് താനും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മരണത്തോട് മല്ലടിച്ചാണ് കിടന്നത്. ജീവൻ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല. ചെറിയ വീഴ്ചയുടെ പേരിൽ മെഡിക്കൽ കോളേജുകളുടെ നന്മ കാണാതെ പോകരുത്. വീണാ ജോർജിനെതിരായ പ്രതിഷേധം എന്തിനെന്നു മനസിലാകുന്നില്ല. ഒരു സ്ത്രീയായ അവരെ ഇങ്ങനെ ആക്രമിക്കാമോ. പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |