തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങൾക്കുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോൾഡ് അവാർഡ്
മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.
തായ്ലൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ പാറ്റ ട്രാവൽ മാർട്ടിനൊപ്പം നടന്ന പാറ്റ ഗോൾഡ് അവാർഡ്സ് 2025 പരിപാടിയിൽ മക്കാവോ ഗവൺമെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെർണാണ്ടസ്, പാറ്റ ചെയർ പീറ്റർ സെമോൺ, പാറ്റ സിഇഒ നൂർ അഹമ്മദ് ഹമീദ് എന്നിവരിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.
'മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ' വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോൾഡ് അവാർഡ് ലഭിച്ചത്. ഏഷ്യപസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നൽകുന്നത്.
കേരളത്തിലെ വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളുടെ വൈവിധ്യത്തെക്കുറിച്ച് നൂതനവും ട്രെൻഡിംഗുമായ ഓൺലൈൻ ഉള്ളടക്കത്തിലൂടെ ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അവാർഡ് സ്വീകരിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ ദിശയിലുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങൾക്കുള്ള തിളക്കമാർന്ന അംഗീകാരമാണ് ഈ അവാർഡ്. കേരളത്തിന് പാറ്റ ഗോൾഡ് അവാർഡ് മുൻപും ലഭിച്ചിട്ടുണ്ട്. സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വിജയഗാഥകളാണിവയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകൾ നേടാനും ഈ ക്യാമ്പെയ്നിലൂടെ കേരള ടൂറിസത്തിന് സാധിച്ചു. ഉപയോക്താക്കൾ തയ്യാറാക്കിയ ഉള്ളടക്കങ്ങൾ, ഇൻഫ്ളുവൻസർമാരുടെ സഹകരണം, മലയാളത്തനിമയുള്ള നർമ്മം തുടങ്ങിയവയൊക്കെ വൈറൽ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്.
25 വിദഗ്ധരടങ്ങിയ പാനലാണ് അവാർഡുകൾക്കർഹരായവരെ തിരഞ്ഞെടുത്തത്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷും പങ്കെടുത്തു.
പാറ്റ ട്രാവൽ മാർട്ടിലെ കേരളത്തിന്റെ പവലിയൻ തായ്ലൻഡിലെ ഇന്ത്യൻ അംബാസഡർ നാഗേഷ് സിംഗ് ഉത്ഘാടനം ചെയ്തു. കൈരളി ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ട്രിപ്പ് എൻ സ്റ്റേ ഹോളിഡേയ്സ് എന്നിവരുൾപ്പെടെയുള്ള വ്യാപാര പങ്കാളികളും പവലിയന്റെ ഭാഗമായി. ടൂർ ഓപ്പറേറ്റർമാർ, ഔട്ട്ബൗണ്ട് ട്രാവൽ കമ്പനികൾ, പ്രമുഖ അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കും പവലിയൻ വേദിയായി.
പരമ്പരാഗത പരസ്യങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്‌കാരവും പ്രദർശിപ്പിക്കുകയും ഏഷ്യപസഫിക് മേഖലയിൽ ടൂറിസം മാർക്കറ്റിംഗിന് ഇതിലൂടെ പുതിയ മാതൃക അവതരിപ്പിക്കാനും സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |