തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരെ എന്തെല്ലാം നുണകൾ തട്ടിക്കൂട്ടി പടച്ചുവിട്ടിട്ടും വീണ്ടും അധികാരത്തിലെത്തിയതിന് കാരണം ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ 49ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പരോക്ഷ മറുപടി നൽകിയത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സർക്കാരിന് നല്ല യശസ്സ് ആയിരുന്നു. അത് പൊങ്ങച്ചം പറയലല്ല. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ കവച്ചുവയ്ക്കുന്ന തരത്തിലായിരുന്നു സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വലിയ നുണപ്രചാരണങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നടന്നത്.
എന്നാൽ ജനങ്ങൾ നെഞ്ചു തൊട്ട് പറഞ്ഞു, ഇത് ഞങ്ങളുടെ സർക്കാരാണ്, ഞങ്ങൾക്കൊപ്പം നിന്ന സർക്കാരാണെന്ന്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിഞ്ഞില്ലെന്ന്. അതിന്റെ ഭാഗമായാണ് എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയത്. അതേ നയമാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. പ്രതിപക്ഷം അവരുടെ നയം തുടരും. അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |