SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.22 PM IST

രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ബി.ജെ.പിയെ സഹായിക്കുന്നു: മുഖ്യമന്ത്രി

pinarayi-vijayan

സംസ്ഥാനത്ത് എൽ.ഡി.എഫ്. തരംഗം


കണ്ണൂർ: ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകനെന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ എന്ന് പി.വി. അൻവർ എം.എൽ.എയുടെ പരാമർശം തള്ളാൻ തയ്യാറാകാതെ കണ്ണൂരിലെ മീറ്റ് ദ പ്രസിൽ മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയ നേതാവിനു ചേർന്നതല്ല. കേരളത്തിൽ വന്ന് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നുണ്ടാകുന്നത് അപക്വമാണ്. സംസ്ഥാന നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അത് അബദ്ധ പ്രസ്താവനയാണ്. പരിണിതപ്രജ്ഞനായ കുഞ്ഞാലിക്കുട്ടി അങ്ങനെ പറയും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫ് തരംഗമാണുള്ളത്. 2019ൽ കേരളത്തിൽ നിന്നും ജയിച്ചുപോയ 18 പേർ അഞ്ചുവർഷക്കാലം നിശബ്ദരായിരുന്നു. കേന്ദ്രത്തിന്റെ കേരള അവഗണനയിൽ അവർ കേന്ദ്രത്തിനൊപ്പം നിന്ന ദുരനുഭവം ഓർമ്മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പച്ചക്ക് വർഗീയത പറയുന്നു;

തിര.കമ്മിഷൻ ഇടപെടുന്നില്ല
മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുന്നില്ല. വിഷലിപ്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് പ്രധാനമന്ത്രി നേതൃത്വം നൽകുന്നത്. ബി.ജെ.പി സർക്കാരിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിനു തന്നെ അപകടമുണ്ടാക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പൊതുസാഹചര്യം ഉയർന്നുവന്നിരിക്കുകയാണ്. അത് ബി.ജെ.പിക്കും മനസിലായി തുടങ്ങി. വർഗീയ കാർഡ് ഇറക്കിക്കളിക്കാൻ തയാറായിരിക്കുന്നത് അതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA