തിരുവനന്തപുരം: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ പരാമർശം അപകീർത്തികരവും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ളതുമാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് വർഗീയത പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നുവെന്നത് രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി കുറിച്ചു.
പിണറായി വിജയന്റെ വാക്കുകൾ-
''രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരവും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ളതുമാണ്. നുഴഞ്ഞുകയറ്റക്കാരെന്നും "പെറ്റുകൂട്ടുന്നവരെ"ന്നുമുള്ള അധിക്ഷേപകരമായ പരാമർശം വസ്തുതാവിരുദ്ധവും സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര സംഹിതയുടെ ഭാഗവുമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് വർഗീയത പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നുവെന്നത് രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ദൃഷ്ടാന്തമാണ്.
മുസ്ലിം സമുദായത്തെ രാജ്യത്തിന്റെ സമ്പത്ത് കവർന്നെടുക്കുന്നവരായും ആക്ഷേപിക്കുകയുണ്ടായി. അപകീർത്തികരവും വർഗീയ ചുവയുമുള്ള ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവരണം. സുതാര്യവും ജനാധിപത്യ മൂല്യങ്ങൾക്കനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ പുരോഗമന, മതേതര ശക്തികളും ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ അന്തഃസത്ത മതനിരപേക്ഷതയിലും മൈത്രിയിലും ഊന്നിയതാണ്. അതിന് കോട്ടം തട്ടുന്ന ഏത് നിലപാടും പരാമർശവും ചോദ്യം ചെയ്യേണ്ടതുണ്ട്, എതിർക്കേണ്ടതുമുണ്ട്''.
രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വിവാദപരാമർശം. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.
'അത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ? നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വര്‍ണ്ണം പ്രദര്‍ശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വര്‍ണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |