ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം. സർക്കാരിന്റെ മദ്യനയത്തിനും പൊലീസ് നയത്തിനുമെതിരെയാണ് കടുത്ത വിമർശനം. സർക്കാരിന് കള്ളിനേക്കാൾ താൽപര്യം വിദേശമദ്യത്തിലാണെന്ന് സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിന്റെ മുൻഗണന നയത്തിലും പാളിച്ചയുണ്ടായി. ഇടതുമുന്നണിയുടെ അണികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ തിരിച്ചടി ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിയുണ്ടാക്കിയ നേട്ടം കുറച്ചു കാണരുതെന്നും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൂരം കലക്കലിലും എംആർ അജിത് കുമാർ വിഷയം കൈകാര്യം ചെയ്ത രീതിയിലും സർക്കാരിനെതിരെ സിപിഐ വിയോജിപ്പ് രേഖപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്.
അതേസമയം, 43 വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം അത്യുജ്വലമാക്കാനുള്ള ഉത്സാഹത്തിലാണ് ജില്ലയിലെ പാർട്ടി നേതൃത്വവും പ്രവർത്തകരും. ഭരണ , രാഷ്ട്രീയ രംഗങ്ങളിൽ സംഭവബഹുലമായ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിൽ നടക്കുന്ന സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനും പാർട്ടിക്കും മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സമ്മേളനത്തിലെ ചർച്ചകളും പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |