കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. വിഷയത്തിൽ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ടെന്നും അതിനാൽ മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നുമാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്.
കേരള ബാങ്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. മഴക്കെടുതിമൂലം നാശനഷ്ടങ്ങളുണ്ടായ പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് വർഷം ഒന്നായിട്ടും സഹായമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
കഴിഞ്ഞ വർഷം ജൂലായ് 30നായിരുന്നു മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളെ പാടെ തുടച്ച് നീക്കിയ ഉരുൾ വെള്ളരിമലയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത്. ഒറ്റ രാത്രികൊണ്ട് 298 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. പലർക്കും ഒരായുഷ്ക്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |