കണ്ണൂർ: തിരുവോണം കഴിഞ്ഞിട്ട് നാല് ദിവസമായിട്ടും യാത്രാതിരക്ക് ഒഴിഞ്ഞിട്ടില്ല. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം മടക്കയാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ദീർഘദൂര ബസുകളുടെയും സ്ഥിതി സമാനമാണ്. ഓണവും നബിദിനവും ശ്രീ നാരായണ ഗുരുജയന്തിയും എല്ലാം ഒരുമിച്ചുവന്നതാണ് വലിയ തിരക്കിന് പിന്നിൽ.
അവധി ദിവസങ്ങൾ കൂടുതലുളളതിനാൽ പലരും യാത്ര മാറ്റി വച്ചിരുന്നു. ഓണം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ തിരക്കായിരിക്കുമെന്ന് കരുതി യാത്ര മാറ്റിവച്ചവരും വലഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലേക്കും മംഗലാപുരം ഭാഗത്തേക്കും പോകുന്നവരാണ് കൂടുതൽ. വിദ്യാർത്ഥികളും കൂടുതലാണ്. അവധികഴിഞ്ഞ് കേരളത്തിലെ കോളേജുകൾ തിങ്കളാഴ്ച തുറന്നെങ്കിലും മംഗലാപുരം കോയമ്പത്തൂർ എന്നിവിടങ്ങളിലെ പല കോളേജുകളും വരും ദിവസങ്ങളിലാണ് തുറക്കുന്നത്. കുടുംബസമേതം നാട്ടിൽ ഓണം ആഘോഷിക്കാനെത്തിയവരും തിരിച്ച് പോകുന്ന തിരക്കിലാണ്. വലിയ ബാഗുകളും ലഗേജുകളുമാണ് ട്രെയിനകത്തെ തിരക്ക് വർധിപ്പിക്കുന്നത്. ലഗേജുകൾ കാരണം യാത്രക്കാർക്ക് അകത്ത് കടക്കാനാകാത്ത സ്ഥിതിയുമുണ്ട്.
ടിക്കറ്റുകൾ കിട്ടാനില്ല
ഈ ദിവസങ്ങളിലൊന്നും ടിക്കറ്റ് കിട്ടാനില്ലാത്തതും യാത്രക്കാരെ ദുരുതത്തിലാക്കി. തത്കാൽ ടിക്കറ്റിനും പിടിവലിയാണ്.ട്രെയിൻ ടിക്കറ്റ് കിട്ടാത്ത പലരും ദീർഘ ദൂരയാത്രകൾക്ക് ബസുപയോഗിച്ചത് ബസിലും തിരക്ക് കൂട്ടി. ബാംഗ്ളൂർ റൂട്ടിലെ ബസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്പനികൾ അമിതനിരക്കാണ് ഈടാക്കുന്നത്.
തത്ക്കാൽ ഇല്ല, പണവുമില്ല
തത്കാലിനായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പൈസ അടച്ച് കാത്തിരുന്ന് ടിക്കറ്റും പൈസയും കിട്ടാതായവരും ഏറെയാണ്. തത്കാൽ ബുക്കിംഗ് സൈറ്റിലെ തിരക്കാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പോയ പൈസ തിരിച്ചു കിട്ടുന്നത് ശ്രമകരമാണ്. തത്കാൽ കിട്ടാത്ത പക്ഷം പ്രീമിയം തത്ക്കാൽ ടിക്കറ്രുകൾ എടുക്കുന്നവരുണ്ടെങ്കിലും സൈറ്റിലെ തിരക്ക് കാരണം ബുക്ക് ചെയ്യുമ്പോഴേക്കും യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടിയിലേറെയാകുന്നു. റെയിൽവെ ബുക്കിംഗ് സംവിധാനങ്ങൾ എളുപ്പമാക്കിയെന്ന് പറയുമ്പോഴും അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കോയമ്പത്തൂരേക്ക് പോകാൻ ടിക്കറ്റ് കിട്ടാനില്ല. തിരക്ക് കാരണം കഴിഞ്ഞ ദിവസം യാത്രമാറ്റി വച്ചതായിരുന്നു വേറെ വഴിയില്ലാത്തതിനാൽ ഇന്ന് ജനറൽ ടിക്കറ്റെടുത്ത് പോകേണ്ടി വന്നു.- അഖിൽ രാമചന്ദ്രൻ
പയ്യന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |