ടെലിവിഷൻ ഷോകളിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ഒരു മാസം മുമ്പാണ് ആര്യയും സുഹൃത്ത് സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹം ഉണ്ടാകുമെന്നും ആര്യ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിബിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് ആര്യ.
'മൈ ഹോം. എന്റെ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വാസസ്ഥലം. എന്നെ നിലനിർത്തിയതിന് നന്ദി', എന്നാണ് സിബിന് പിറന്നാൾ ആശംസിച്ചുകൊണ്ട് ആര്യ കുറിച്ചത്. ഒപ്പം തനിക്കും മകൾക്കുമൊപ്പമുള്ള നല്ല നിമിഷങ്ങൾ അടങ്ങിയ വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ആര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് 12 വയസുകാരിയായ ഖുഷി.
ആര്യയുടെ പോസ്റ്റ് വൈറലായതോടെ വിവാഹത്തിന് മുമ്പ് ആര്യയും സിബിനും ഒരുമിച്ച് താമസം തുടങ്ങിയോ എന്ന സംശയവും ആരാധകർ പങ്കുവച്ചു. ഇരുവരും ഒരുമിച്ച് ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നത് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ, തങ്ങളുടെ വിവാഹനിശ്ചയം മാത്രമാണ് നടന്നിട്ടുള്ളതെന്നും രണ്ടുപേരും അവരവരുടെ വീടുകളിലാണ് താമസിക്കുന്നതെന്നും സിബിൻ മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധിപേർ സിബിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റിട്ടു.
'എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. ആ മകളുടെ മുഖത്തെ സന്തോഷമാണ് കൂടുതൽ സന്തോഷം തരുന്നത്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. ആ മകൾക്ക് നല്ലൊരു അച്ഛനായി ആര്യക്ക് എന്നും കൂട്ടായി സിബിൻ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ബിഗ്‌ബോസിൽ ആര്യയെ ഒരുപാട് വിമർശിച്ചിട്ടുള്ള ഒരാളാണ് ഞാനും' - ഇതുപോലുള്ള പോസിറ്റീവ് കമന്റുകളാണ് ആര്യയുടെ പോസ്റ്റിന് താഴെ കൂടുതലായും വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |