യൂട്യൂബറും ബിഗ്ബോസ് താരവുമായ ജാസ്‌മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി റീൽസ് ചിത്രീകരിച്ചത് വിവാദത്തിലായിരുന്നു. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. ഇതിനെതുടർന്ന് ദേവസ്വം, ടെമ്പിൾ പൊലീസിന് പരാതി നൽകിയതും ജാസ്‌മിൻ ജാഫർ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞതുമെല്ലാം വലിയ വാർത്തയായതാണ്. ഇപ്പോഴിതാ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ ഈ വിഷയത്തിൽ പ്രതികരിച്ചു.
പരിഷ്കാരം മണ്ടത്തരമാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്മയ്ക്കുവേണ്ടിയുളള പരിഷ്കാരം അംഗീകരിക്കാമെന്നും ആചാരങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന സ്ഥലമാണ് ക്ഷേത്രം. പരിഷ്‌കാരം ഒരു വൈകല്യമായി മാറരുത്. റീലെടുത്തത് തെറ്റെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആ കുളത്തിലാണോ റീലെടുക്കേണ്ടത്. വേറെ എത്ര കുളമുണ്ട്. എന്തോ വലുതായിട്ട് ചെയ്തുവെന്ന് കാണിക്കാനല്ലേ അത് ചെയ്തത്. ആചരിക്കുന്ന എല്ലാ കാര്യങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. അത് ഏത് മതവിഭാഗത്തിൽപ്പെട്ട ആളുകളായാലും. ചെയ്യാൻ പാടില്ലയെന്നുപറഞ്ഞ കാര്യം ചെയ്യുന്നതല്ല പരിഷ്‌കാരം.
ഇതിനുമുൻപും ഗുരുവായൂരിൽ കേക്ക് കൊണ്ടുപോയി മുറിച്ച് റീൽസെടുത്തത് വലിയ പ്രശ്നമായിരുന്നു. അപ്പോൾ തന്നെ റീലെടുക്കുന്നതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങൾ പുറത്തിറക്കിയതാണ്. അറിവ് വളരുമ്പോൾ നമുക്കുണ്ടാകുന്നതാണ് പരിഷ്‌കാരം. അത് നൻമയിലേക്കാണ് ഉണ്ടാകേണ്ടത്. പരിഷ്‌കാരത്തിന്റെ പേരിൽ മണ്ടത്തരങ്ങൾ കാണിക്കരുത്'- ക്രിസ് വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് സീരിയൽ നടിയായ ദിവ്യ ശ്രീധറിനെ ക്രിസ് വേണുഗോപാൽ വിവാഹം കഴിച്ചത്. ഇതോടെ ഇരുവർക്കുമെതിരെ വലിയ തരത്തിലുളള വിമർശനങ്ങളാണുണ്ടായത്. കിഴവനെ എന്തിനാണ് വിവാഹം ചെയ്തതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ടെന്നും അതിൽ ദേഷ്യമൊന്നും തോന്നാറില്ലെന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു. മോശം കമന്റുകൾ കാണുമ്പോൾ ജീവിക്കാൻ കൂടുതൽ പ്രചോദനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |