കൊച്ചി: മുംബയ് ഭീകരാക്രമണത്തിൽ തഹാവൂർ റാണയുടെ ഇടപെടലും ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളിലെ പങ്കും അമേരിക്കയിൽ തടവിൽ കഴിയുന്ന ഡേവിഡ് കോൾമാൻ ഹെഡ് ലി വെളിപ്പെടുത്തിയിരുന്നതായി മുൻകേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ജിഹാദി മനസാണ് റാണയ്‌ക്കെന്ന് ഹെഡ് ലി പറഞ്ഞു.
കടുത്ത ഇന്ത്യാവിരുദ്ധനുമാണ്. മുംബയ് ഭീകരാക്രമണക്കേസ് അന്വേഷിച്ച എൻ.ഐ.എ സംഘത്തിലെ ഐ.ജിയായിരുന്നു ബെഹ്റ. മുംബയ് ആക്രമണങ്ങൾക്ക് വിവരങ്ങൾ ശേഖരിച്ചുനൽകുകയും സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുകയും ചെയ്‌തത് തഹാവൂർ റാണയാണെന്ന് ഹെഡ് ലി വെളിപ്പെടുത്തിയിരുന്നു.
മുംബയ് സ്‌ഫോടനങ്ങളിലെ സ്വന്തം പങ്ക്, മറ്റുള്ളവരുടെ ഇടപെടലുകൾ തുടങ്ങിയവ ഹെഡ് ലി വെളിപ്പെടുത്തി. പാക് പിന്തുണയോടെ ഇന്ത്യയിൽ നടന്ന ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ചും പറഞ്ഞു. എട്ടു ദിവസം കൊണ്ട് 35- 40 മണിക്കൂറാണ് ചോദ്യം ചെയ്‌തത്.
റാണയുടെ ആഗോളതലത്തിലെ ഇടപാടുകൾ, തീവ്രവാദപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പറയാൻ തയ്യാറായില്ല. മുംബയ് ആക്രമണത്തിലെ റാണയുടെ പങ്കിനെക്കുറിച്ച് മാത്രമാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ആക്രമണം നടത്താൻ തീവ്രവാദികൾക്കും ഹെഡ് ലിക്കും ഉൾപ്പെടെ സാഹചര്യങ്ങൾ ഒരുക്കിയതിൽ പ്രധാനപങ്ക് റാണയാണ് വഹിച്ചത്. മുംബയിൽ ഓഫീസ് തുറന്നും താമസിച്ചും വിവരങ്ങൾ ശേഖരിച്ചുനൽകി. അക്രമികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി. ആവശ്യമായ പണവും നൽകി. റാണയുമായി ഹെഡ് ലി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
മുംബയ് ഉൾപ്പെടെ ഭീകരാക്രമണങ്ങളിലെ പങ്ക് റാണയെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരും. അതാണ് ഇനി പ്രധാനമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു. റാണയെ കസ്റ്റഡിയിൽ ലഭിച്ചത് വലിയ നേട്ടമാണ്. മുംബയ് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനകളും ഇന്ത്യയിലെ റാണയുടെ ഭീകരബന്ധവും പ്രവൃത്തികളും അവ്യക്തമായി തുടരുകയാണ്. ഭീകരാക്രമണത്തിന് സൗകര്യം ഒരുക്കിയെന്ന പങ്ക് ചൂണ്ടിക്കാട്ടിയാണ് അന്ന് എൻ.ഐ.എ റാണയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |