ഒരൊറ്റ ഐപിഎൽ മത്സരം കൊണ്ട് ലോക ക്രിക്കറ്റ് പ്രേമികളുടെയെല്ലാം ശ്രദ്ധപിടിച്ചുപറ്റിയ ഇടംകയ്യൻ സ്‌പിൻ ബൗളറാണ് വിഗ്നേഷ് പുത്തൂർ. ആദ്യം എറിഞ്ഞ മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ് നേടിയാണ് വിഗ്നേഷ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. വാർത്തയറിഞ്ഞ് കേരളക്കരയാകെ ആഘോഷിച്ചപ്പോൾ വിഗ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റനേട്ടം അഭിമാനത്തോടെ വീക്ഷിച്ച ഒരാളുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സി ജി വിജയകുമാർ. വളരെ ചെറുപ്പത്തിൽ തന്നെ വിഗ്നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് കഴിവുറ്റ രീതിയിലേക്ക് മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ബിസിസിയുടെ അംഗീകാരമുള്ള പരിശീലകൻ വിജയകുമാർ.
പത്താം വയസിൽ ക്രിക്കറ്റിലേക്ക്
പത്ത് വയസ് മാത്രം പ്രായമുള്ള വിഗ്നേഷിനെ അയൽവാസിയായ ഷെറീഫാണ് വിജയകുമാറിന്റെ മുന്നിലേക്കെത്തിച്ചത്. കുട്ടിക്കാലം മുതൽ അന്തർമുഖനായ വിഗ്നേഷിന് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. വിഗ്നേഷിന്റെ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കിയതും ഷെറീഫാണ്. ഏക മകന്റെ ഇഷ്‌ടത്തിനായി നല്ല തുക വരുന്ന ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനും പരിശീലനത്തിന് വിടാനും ഓട്ടോ ഡ്രൈവറായ സുനിൽ കുമാറും ഭാര്യ ബിന്ദുവും തയ്യാറായി. അങ്ങനെ പത്താം വയസിൽ വിഗ്നേഷ് വിജയകുമാറിന്റെ ശിഷ്യനായി.
ഉയരവും ശരീരഭാരവും കുറഞ്ഞ് കാണാൻ വളരെ ചെറിയ കുട്ടിയായിരുന്നെങ്കിലും വിഗ്നേഷിന് നല്ല എനർജിയുണ്ടായിരുന്നു. ക്രിക്കറ്റിൽ ഇടം കയ്യൻ ബൗളറിന് വളരെ പ്രാധാന്യമുണ്ട്. അതോടൊപ്പം ലെഗ് സ്‌പിന്നർ കൂടി ആവുക എന്നത് അപൂർവമാണ്. അത് മനസിലാക്കി ചൈനാമാൻ ശൈലിയാണ് അദ്ദേഹം വിഗ്നേഷിനെ പരിശീലിപ്പിച്ചത്. അതിന് അനുകൂലമായി വഴങ്ങുന്ന റബ്ബറി റിസ്റ്റ് കൈക്കുഴയാണ് വിഗ്നേഷിന്റേതെന്നും വിജയകുമാര്‍ പറയുന്നു.
ഒരുപാട് കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും വേഗം പഠിക്കുന്ന കുട്ടികൾ അപൂർവമാണെന്നാണ് വിജയകുമാർ പറയുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മിടുക്കനായി എല്ലാം പഠിച്ചെടുത്തു. പരിശീലനം തുടർന്നാൽ ഈ മിടുക്കൻ ഉയരങ്ങളിലെത്തുമെന്ന് മുൻ കേരള ടീം ക്യാപ്‌റ്റന്മാരായ കെ ജയറാം, എസ് രമേഷ് എന്നിവർ അക്കാലത്ത് പറഞ്ഞിരുന്നതായും വിജയകുമാർ ഓർത്തു. ക്രിക്കറ്റിൽ മാത്രമല്ല, പഠിക്കാനും വിഗ്നേഷ് മിടുക്കനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഠിപ്പിച്ചത് വാസൂ പരഞ്ച്‌പേയുടെ തന്ത്രങ്ങൾ
വിജയകുമാർ കുറച്ചുകാലം ഒമാൻ നാഷണൽ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മസ്‌കറ്റിൽ ജോലി ചെയ്‌തിരുന്നു. അവിടെ മെയിൻ കോച്ചായി വന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദ്രോണാചാര്യർ എന്നുതന്നെ അറിയപ്പെടുന്ന വാസൂ പരഞ്ച്‌പേ ആയിരുന്നു. സച്ചിൻ മുതൽ രോഹിത് ശർമയ്‌ക്ക് വരെ പരിശീലനം നൽകിയിരുന്ന വ്യക്തിയാണ് അദ്ദേഹം. വാസൂ പരഞ്ച്‌പേയിൽ നിന്നും നിരവധി കാര്യങ്ങൾ വിജയകുമാറിന് പഠിക്കാൻ സാധിച്ചു. 'ഞാനെന്ന കോച്ച് വാസൂ പരഞ്ച്‌പേ സാറിനെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ വിഗ്നേഷ് ഇന്ന് ഇവിടെ എത്തില്ലായിരുന്നു', എന്നാണ് വിജയകുമാർ പറയുന്നത്.
വാസൂ പരഞ്ച്‌പേയിൽ നിന്നും പുതിയ പല കാര്യങ്ങളും വിജയകുമാർ മനസിലാക്കി. മസ്‌കറ്റിലെ ചൂടേറിയ കാലാവസ്ഥയിൽ പോലും 60-ാം വയസിൽ അദ്ദേഹം ആവേശത്തോടെയാണ് ക്ലാസുകളെടുത്തിരുന്നത്. വിശ്രമം പോലുമില്ലാതെ എല്ലാ സംശയങ്ങളും പറഞ്ഞ് തന്നിരുന്നു. മുന്നിൽ നിൽക്കുന്ന ബാറ്റ്‌സ്‌മാനെ എങ്ങനെയെല്ലാം കുഴപ്പിക്കാം എന്നാണ് ഒരു ബൗളർ അറിയേണ്ടത്. അതെല്ലാം വ്യക്തമായി പരിശീലിപ്പിച്ചെടുത്തതും വാസൂ സാർ ആണെന്നാണ് വിജയകുമാർ പറയുന്നത്. വാസൂ പരഞ്ച്‌പേയുടെ വിദ്യകളെല്ലാം പത്ത് വയസുകാരനായ വിഗ്നേഷിനെ വിജയകുമാർ പഠിപ്പിച്ചിരുന്നു.
ഇനിയും ഉയരങ്ങളിലെത്തണം
കുട്ടിക്കാലം മുതൽ ഐപിഎല്ലിൽ കൊൽക്കത്ത ഫാനായിരുന്നു വിഗ്നേഷ്. പരിശീലനത്തിനെത്തിയ ആദ്യ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജേഴ്‌സി ധരിച്ചെത്തിയ കുഞ്ഞൻ വിഗ്നേഷിന്റെ മുഖം വിജയകുമാർ ഇപ്പോഴും ഓർക്കുന്നുണ്ട്. ഇപ്പോൾ മുംബയ് ടീമിൽ മത്സരിച്ച് വിക്കറ്റ് വീഴ്‌ത്തിയ ശേഷം വിഗ്നേഷ് വിജയകുമാറിനെ വിളിച്ചിരുന്നു. സംസാരിക്കാൻ അധികം സമയം കിട്ടിയിരുന്നില്ലെങ്കിലും ധോണിയും നിത അംബാനിയും ഉൾപ്പെടെ പലരും അഭിനന്ദിച്ച കാര്യവും വിഗ്നേഷ് പറഞ്ഞു. 'ഇപ്പോൾ നീ എൽകെജിയിലാണ്. ഇനിയും ഉയരങ്ങളിലെത്താനുണ്ട്. പരിശീലനം മുടക്കരുത്. ക്രിക്കറ്റിൽ വിജയിച്ചവർ മാത്രമല്ല. തോറ്റവരുമുണ്ടെന്ന് മറക്കരുത്', ഉദാഹരണങ്ങൾ നിരത്തി വിജയകുമാർ വിഗ്നേഷിനെ ഓർമിപ്പിച്ചു.
പ്രധാനഘടകം ഭാഗ്യം
ഇപ്പോഴും നിരവധി കുട്ടികൾക്ക് വിജയകുമാർ പരിശീലനം നൽകുന്നുണ്ട്. 'കഴിവുള്ള ധാരാളം കുട്ടികളെ കണ്ടിട്ടുണ്ട്. അതിൽ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരുന്നതും അറിയപ്പെടുന്നതുമെല്ലാം വളരെ അപൂർവംപേരാണ്. ഭാഗ്യം എന്നൊരു ഘടകം കൂടി വേണം. ഷെരീഫിന് വേണമെങ്കിൽ വിഗ്നേഷിനെ ഏതെങ്കിലും പാടത്ത് ക്രിക്കറ്റ് കളിക്കാൻ കൊണ്ടുപോകാമായിരുന്നു. പകരം കൃത്യമായ പരിശീലനം നൽകാനാണ് അവൻ നോക്കിയത്. അത് വിഗ്നേഷിന്റെ ഭാഗ്യമാണ്.
അണ്ടർ 19 മത്സരങ്ങളോടെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്ന കുട്ടികളുണ്ട്. വലിയ മത്സരങ്ങളിൽ സെലക്ഷൻ കിട്ടിയാൽ പോലും അവിടെ കളിക്കിറങ്ങാൻ അവസരം ലഭിക്കണമെന്നില്ല. ഇനി കിട്ടിയാലും ആ സമയം നന്നായി കളിക്കാൻ സാധിക്കണമെന്നില്ല. എല്ലാത്തിനും ഭാഗ്യവും മുടക്കം വരുത്താതെയുള്ള പരിശീലനവും വേണം. അത് എന്റെ ശിഷ്യനുണ്ടായിരുന്നു', വിജയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |