കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പുകയെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവം അന്വേഷിക്കാൻ വിദഗ്ധരായ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ നിജസ്ഥിതി പറയാൻ സാധിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ 37 രോഗികളുടെ ചികിത്സാച്ചെലവിനെക്കുറിച്ച് വീണാ ജോർജ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.
'ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധനയും സാങ്കേതിക പരിശോധനയും എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ പുക ഉയർന്നപ്പോൾ തന്നെ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. പൊലീസും സമഗ്രാന്വേഷണം നടത്തുന്നുണ്ട്. സംഭവസമയത്ത് കളക്ടറും എംഎൽഎയും ആശുപത്രിയിൽ ഉണ്ടായിരുന്നു. എല്ലാവരെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിച്ച് വരികയാണ്. ചികിത്സ ആർക്കും നിഷേധിക്കപ്പെടില്ല. അതിൽ ഇടപെടും. 37 രോഗികളാണ് മറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. കൂടുതൽ അന്വേഷണത്തിനായി മറ്റ് മെഡിക്കൽ കോളേജിലുളള ഡോക്ടർമാരുടെ വിദഗ്ധ സംഘമെത്തും'- മന്ത്രി അറിയിച്ചു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിന്റെ ധാർമികപരമായ ഉത്തരവാദിത്തം വീണാ ജോർജ് ഏറ്റെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. അപകടത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |