കോഴിക്കോട്: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ വാക്പോരിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജീവ് ചന്ദ്രശേഖർ നടത്തുന്ന കാട്ടിക്കൂട്ടൽ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടതെന്നറിയാമെന്നും ദേശീയ തലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വയ്ക്കാവുന്നതാണെന്നുമാണ് റിയാസ് പ്രതികരിച്ചത്.
'രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയ അൽപ്പത്തരവും പ്രതികരണം അപക്വവുമാണ്. നമുക്കൊരു ബിസിനസ് തുടങ്ങാം. കമ്പനിയെ വാങ്ങാം. വേണമെങ്കിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിൽ ചേരാം. അതിനെ വിലയ്ക്ക് വാങ്ങാം. എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിലപാട്. ഞാൻ മന്ത്രി എന്ന നിലയിൽ അല്ല, പൗരൻ എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ മാത്രം അവിടെ ഇരിക്കുന്നത് ശരിയാണോ? രാഷ്ട്രീയം രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്',- റിയാസ് വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തെ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമായി. എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. സങ്കടത്തിന് ഒരു ഡോക്ടറെ പോയി കാണുന്നതാണ് നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നുവന്ന ട്രോളുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഇതിന് മറുപടിയുമായാണ് ഇപ്പോൾ മന്ത്രി റിയാസ് എത്തിയിരിക്കുന്നത്.
ഇന്നലെ വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ നേരത്തെ വേദിയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു. മന്ത്രിമാർ പലരും സദസിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയിൽ ഇരിക്കേണ്ടതില്ല. സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എത്രയോ നേരത്തെ വന്ന് സർക്കാർ പരിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. 'ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന കുറിപ്പോടെ എം.വി.ഗോവിന്ദനും കെ.എൻ.ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |