വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ 'ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി' സിഇഒ കാർത്തിക പ്രദീപ് പിടിയിലായിരുന്നു. ഇപ്പോഴിതാ കാർത്തികയുടെ ഒരു ശബ്ദരേഖയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെെസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാർത്തിക പറയുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്. 'എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്',- എന്നാണ് കാർത്തികയുടെ പുറത്തുവന്ന ശബ്ദരേഖയിൽ ഉള്ളത്.
തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌താണ് കാർത്തിക പണം തട്ടിയതെന്നും ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു. നൂറിലേറെ ഉദ്യോഗാർത്ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്.
പണവും രേഖകളും നൽകിയതിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചത്.
താൻ യുക്രെയിനിൽ ഡോക്‌ടറാണെന്നാണ് കാർത്തിക അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |