SignIn
Kerala Kaumudi Online
Monday, 28 October 2024 2.30 PM IST

'ക്യൂട്ടക്‌സ് ഇടാൻ ആരെങ്കിലും ബ്യൂട്ടിപാർലറിൽ വരുമോ?', ലക്ഷങ്ങൾ വരുമാനവും ലോക റെക്കോർഡും സ്വന്തമാക്കി താര

Increase Font Size Decrease Font Size Print Page
thara

കുടുംബത്തിന് വേണ്ടി ജീവിതം മാറ്റിവയ്‌ക്കുന്നവരാണ് ഭൂരിഭാഗം സ്‌ത്രീകളും. പലരും സ്വന്തം ഇഷ്‌ടങ്ങളെക്കുറിച്ചോ ഒരു വരുമാന മാർഗത്തെക്കുറിച്ചോ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. അതിനുള്ള സമയം പോലും കിട്ടിയിട്ടുണ്ടാവില്ല. ഒടുവിൽ ഡിപ്രഷൻ വരെ എത്തിനിൽക്കും. ഇങ്ങനെയുള്ള വീട്ടമ്മമാർക്കെല്ലാം പ്രചോദനമാകുന്ന ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ താര.

ഓഫീസ് ജോലി താൽപ്പര്യമില്ലാതിരുന്ന താര വീട്ടമ്മയായി ഒതുങ്ങിക്കൂടി. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് മക്കൾ സ്‌കൂളിൽ പോയപ്പോൾ അനുഭവപ്പെട്ട ഒറ്റപ്പെടൽ താരയെ എത്തിച്ചത് ലോക റെക്കോർഡിലേക്കാണ്. ചെറിയ രീതിയിൽ ആരംഭിച്ച് ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന, സിനിമാ - സീരിയൽ താരങ്ങളുടെ പോലും പ്രിയപ്പെട്ട 'ഡി ആർട്ടിസ്‌ട്രി'യുടെ ഉടമയാണ് താര.

വീട്ടമ്മയിൽ നിന്ന് ലോക റെക്കോർഡ് ജേതാവിലേക്ക്

പത്താം ക്ലാസ് വരെ താര പഠിച്ചത് ഇടുക്കിയിലാണ്. പിന്നീട് പ്രീ ഡിഗ്രി നീറമൺകര എൻഎസ്‌എസ് കോളേജിലും ഡിഗ്രി ആക്‌സിസ് കോളേജിലുമായി പൂർത്തിയാക്കി. അവിടെ വച്ചാണ് വിനോദ് ചന്ദ്രനെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ വിവാഹം. 12 വർഷത്തോളം സ്വന്തം ഇഷ്‌ടത്തിന് വീട്ടമ്മയായി ജീവിച്ചു. അന്ന് നന്നായി പാചകം ചെയ്‌തിരുന്ന താര കേക്ക്, കട്‌ലറ്റ് തുടങ്ങിയവ ഉണ്ടാക്കി ചെറിയ രീതിയിൽ വിൽപ്പന നടത്തിയിരുന്നു.

മക്കൾ സ്‌കൂളിൽ പോകാൻ തുടങ്ങിയതോടെ ബോറടിക്കാൻ തുടങ്ങി. അങ്ങനെ മേക്കപ്പ് പഠിക്കാനായി തീരുമാനിച്ചു. എന്തിനും കട്ട സപ്പോർട്ടായി പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായ ഭർത്താവും അമ്മായിയമ്മ ശ്യാമളാ ദേവിയും കൂടെനിന്നു. വീട്ടുജോലികളിൽ പോലും സഹായമായി മക്കൾ അക്ഷയ്‌യും ആദിദേവും ഒപ്പംകൂടി. അങ്ങനെ മേക്കപ്പ് പഠിക്കാൻ പോയപ്പോഴാണ് നെയിൽ ആർട്ടിസ്‌ട്രിയെ കുറിച്ച് അറിഞ്ഞത്. അതിനോട് കൂടുതൽ താൽപ്പര്യം തോന്നി ബംഗളൂരുവിൽ പോയി പഠിച്ചു. ഒപ്പം ഐലാഷ് എക്‌സ്റ്റൻഷനും മനസിലാക്കി. ശേഷം തിരുവനന്തപുരത്ത് തന്നെ ഒരു സ്ഥാപനത്തിൽ താര ജോലി ചെയ്‌തു.

nails

അധികം വൈകാതെ തന്നെ '‌ഡി ആർട്ടിസ്‌ട്രി' എന്ന പേരിൽ സ്വന്തമായി ഒരു സ്റ്റുഡിയോ വഴുതക്കാട് ആരംഭിച്ചു. കൊവിഡിന്റെ ആരംഭഘട്ടമായതിനാൽ, തുടക്കത്തിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ആദ്യമാസം വെറും മൂന്നുപേരാണ് എത്തിയത്. 500 രൂപയാണ് ആദ്യം ലഭിച്ച വരുമാനം. പിന്നീട് സിനിമാ സീരിയൽ താരങ്ങൾ ഉൾപ്പെടെ കേട്ടറിഞ്ഞ് എത്താൻ തുടങ്ങി. അവരിൽ ഒരാളാണ് താരയോട് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്ന കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയെ കുറിച്ച് വലിയ ധാരണ ഇല്ലാതിരുന്നതിനാൽ സ്ഥാപനം തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്. അന്ന് മുതൽ ഇന്നുവരെ പെയ്‌ഡ് പ്രൊമോഷൻ ഒന്നും തന്നെ ചെയ്‌തിട്ടില്ല. നിരവധി സെലിബ്രിറ്റികൾ ഇന്ന് ഡി ആർട്ടിസ്‌ട്രിയിൽ എത്തുന്നുണ്ട്.

നെയിൽ ആർട്ടിസ്‌ട്രി അല്ല നെയിൽ ആർട്ട്

നെയിൽ ആർട്ടും നെയിൽ ആർട്ടിസ്‌ട്രിയും വേറെയാണ്. നഖങ്ങൾ വളരാത്തവർ, നഖങ്ങൾക്ക് രോഗമുള്ളവർ തുടങ്ങിയവർക്ക് അവരുടെ ആവശ്യത്തിനുള്ള അളവിൽ നഖം വച്ചുപിടിപ്പിച്ച് കാഴ്‌ചയിൽ ഭംഗി തോന്നിക്കുന്നതിനെയാണ് നെയിൽ ആർട്ടിസ്‌ട്രി എന്ന് പറയുന്നത്. അതിന് മുകളിലോ അല്ലെങ്കിൽ സ്വന്തം നഖത്തിലോ പല തരത്തിലുള്ള ഡിസൈനുകൾ ചെയ്യുന്നതിനെയാണ് നെയിൽ ആർട്ട് എന്ന് പറയുന്നത്.

ഒരു വർഷം മുമ്പ് വരെ വിവാഹം പോലുള്ള ചടങ്ങുകൾക്ക് വേണ്ടി മാത്രമാണ് പലരും നഖങ്ങൾക്ക് ഭംഗി വരുത്തിയിരുന്നതെങ്കിൽ ഇന്ന് സ്ഥിരമായി നെയിൽ എക്സ്റ്റൻഷൻ വയ്‌ക്കുന്നവ‌ർ വരെയുണ്ട്. ഡോക്‌ടർമാർ ഉൾപ്പെടെ നഖം വളർത്താൻ പാടില്ലാത്ത ജോലിയുള്ളവർ പോലും പല ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ നഖങ്ങൾ വച്ച് പിടിപ്പിക്കുന്നു. 720ലധികം നിറങ്ങളും കഥകളി, തെയ്യം തുടങ്ങി ഫോട്ടോ ഫ്രെയിം രൂപത്തിലുള്ള നെയിൽ ആ‌ർട്ടുകൾ വരെ താര ചെയ്യുന്നുണ്ട്.

തെറ്റിദ്ധാരണകൾ

നെയിൽ എക്‌സ്റ്റൻഷൻ ചെയ്‌തെന്ന് കരുതി ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ, അങ്ങനെയൊരു പേടിയേ വേണ്ട എന്നാണ് താര പറയുന്നത്. മാസങ്ങളോളം ഈ നഖം നിലനിൽക്കും. ദന്ത ഡോക്‌ടർമാർ ഉപയോഗിക്കുന്ന 'അക്രിലിക്' എന്ന വസ്‌തുവാണ് ഇതിനായി താര ഉപയോഗിക്കുന്നത്. അതിനാൽ, പൊട്ടിപ്പോകില്ല. ഭക്ഷണം കഴിക്കുന്നതും വീട്ടുജോലികളുമെല്ലാം പതിവുപോലെ ചെയ്യാം. മാത്രമല്ല, രോഗങ്ങൾ കാരണം നഖം നഷ്‌ടപ്പെട്ടവർക്കും ഒട്ടും വളരാത്ത നഖങ്ങൾ ഉള്ളവർക്കും മാസങ്ങൾക്കുള്ളിൽ വളർത്തിയെടുക്കാം.

nail

നഖത്തിന് മുകളിൽ പുരട്ടുന്ന ജെൽ പോളിഷ് ഉണങ്ങാനായി ഒരു നീല നിറത്തിലുള്ള വെളിച്ചത്തിന് താഴെ വയ്‌ക്കാറുണ്ട്. ഇത് സ്‌കിൻ ക്യാൻസറിന് കാരണമാകും എന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. പക്ഷേ, വിലയേറിയ എൽഇഡി ലാമ്പുകൾ ഉപയോഗിച്ചാൽ ചർമ പ്രശ്‌നങ്ങളൊന്നും വരില്ലെന്നാണ് താര പറയുന്നത്. മാത്രമല്ല, കരൾ, ആമാശയം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങൾ വന്നിട്ടുണ്ടോയെന്ന് നഖം നോക്കിയാലറിയാം. ഡി ആർട്ടിസ്‌ട്രിയിലെത്തുന്നവരിൽ കാണുന്ന ലക്ഷണങ്ങളെല്ലാം താരയും സ്റ്റാഫുകളുംഅവരോട് കൃത്യമായി പറയാറുണ്ട്.

വീട്ടമ്മമാർക്ക് വരുമാനം

താരയുടെ സ്റ്റുഡിയോയിൽ സഹായത്തിനായി ഉള്ളവരെല്ലാം വീട്ടമ്മമാരാണ്. നെയിൽ ആർട്ടിസ്‌ട്രിയെപ്പറ്റി ധാരണയില്ലാത്ത സ്റ്റാഫുകളെ ഓരോ സ്റ്റെപ്പുകളായി താര പഠിപ്പിച്ചെടുത്ത് പ്രൊഫഷണലുകളാക്കി. ആദ്യം മുതൽ വലംകൈയായുള്ളത് വീണയാണ്. തന്റെ വിജയത്തിനെല്ലാം വീണയ്‌ക്കും വലിയ പങ്കുണ്ടെന്നാണ് താര പറയുന്നത്.

staff

മറ്റ് ട്രീറ്റ്‌മെന്റുകൾ

മാനിക്യൂർ, പെഡിക്യൂർ, ഐലാഷ് എക്‌സ്റ്റൻഷൻ, മൈക്രോബ്ലെയ്‌ഡിംഗ് തുടങ്ങിയവ ഡി ആർട്ടിസ്‌ട്രിയിലുണ്ട്. കീമോ ചെയ്‌ത് പുരികം നഷ്‌ടപ്പെട്ടവർക്ക് സൗജന്യമായാണ് മൈക്രോബ്ലെയ്‌ഡിംഗ് ചെയ്‌ത് കൊടുക്കുന്നത്. തൊട്ടു നോക്കിയാലല്ലാതെ യഥാർത്ഥ പുരികമല്ല എന്ന് തോന്നാത്ത വിധത്തിലാണ് ഇവർ ചെയ്യുന്നത്. 800 രൂപ മുതൽ പതിനായിരങ്ങൾ വരെയാണ് ഓരോ ട്രീറ്റ്‌മെന്റുകൾക്കും വില വരുന്നത്.

microblading

നിങ്ങൾക്കും പഠിക്കാം
നെയിൽ ആർട്ടിസ്‌ട്രി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഡി ആർട്ടിസ്‌ട്രിയിൽ അക്കാഡമിയുണ്ട്. മൂന്ന് ദിവസത്തെ വർക്‌ഷോപ്പ് മുതൽ മൂന്ന് മാസത്തെ പ്രൊഫഷണൽ കോഴ്‌സ് വരെ അവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ പഠിച്ചിറങ്ങിയ പലരും ഇന്ന് വിദേശത്തുൾപ്പെടെ ജോലി ചെയ്യുന്നുണ്ട്.

അവാർഡുകൾ വാരിക്കൂട്ടിയ അഞ്ച് വർഷം
20 ദേശീയ അവാർഡ്, രണ്ട് അന്താരാഷ്‌ട്ര അവാർഡുകൾ, ഒരു ലോക റെക്കോർഡ് എന്നിവ താര ഈ ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കി. വീട്ടമ്മയിൽ നിന്നും ലോക റെക്കോർഡ് ജേതാവിലേക്കുള്ള ദൂരം ഒരു സ്വപ്‌നമാണോ എന്നുപോലും താരയ്‌ക്ക് തോന്നീട്ടുണ്ട്. കാന്താര സിനിമയിലെ പഞ്ചുരുളി തെയ്യത്തിന്റെ ചിത്രം ഒരു മണിക്കൂറിനുള്ളിൽ അഞ്ച് നഖത്തിലും വരച്ചതിനാണ് റെക്കോർ‌ഡ്. 'ക്യൂട്ടക്‌സിടാൻ ആരെങ്കിലും ബ്യൂട്ടിപാർലറിൽ വരുമോ?' എന്ന് തുടക്കകാലത്ത് ആരോ ചോദിച്ചതിനെക്കുറിച്ചും തമാശയായി താര ഓർക്കുന്നു.

record

'മനസാണ് ആദ്യം വേണ്ടത്. ഒന്ന് ശ്രമിച്ചാൽ, കുടുംബശ്രീയിൽ നിന്നുൾപ്പെടെ ലോൺ ലഭിക്കും. ഒന്നും ചെയ്യാതെ ഞാനൊന്നുമായില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ആത്മാർത്ഥമായി ശ്രമിച്ചാൽ വിജയിക്കും', താര പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAIL ART, NAIL ARTISTRY, THARA, D ARTISTRY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.