പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് എന്താണ് കുഴപ്പമെന്ന് കെ സുധാകരന്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ തന്നെയാണെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയും വിവിധ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കെപിസിസിക്ക് ഒരു സംവിധാനമുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുള്ള അവസരവും ജനാധിപത്യവുമുണ്ട്. അതില്‍ നിന്ന് ഏറ്റവും ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് മത്സരിപ്പിക്കുക. അത് എല്ലാ മണ്ഡലങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഡിസിസിയില്‍ നിന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് നിര്‍ദേശിച്ചിരുന്നത്. ഷാഫി പറമ്പിലാണ് രാഹുലിനെ നിര്‍ദേശിച്ചത്. എന്നാല്‍ അത് വടകരയില്‍ മത്സരിച്ചതിന് പകരമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച് ഇത്രയും ദിവസത്തെ പ്രചാരണവും കഴിഞ്ഞ് ഇനി ഡിസിസി കത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും എന്നാല്‍ കത്ത് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിസിസിയില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍, ഡിസിസി അദ്ധ്യക്ഷന്‍ തങ്കപ്പന്‍, കെ എ തുളസി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു.
വിജയസാദ്ധ്യതയും സ്വീകാര്യതയും പരിശോധിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. രണ്ടുമൂന്ന് ആളുകളുടെ പേര് പറഞ്ഞതുകൊണ്ട് സ്ഥാനാര്‍ഥികളാവില്ല. ജനാധിപത്യ സംവിധാനമുള്ള പാര്‍ട്ടിയില്‍ പ്രിയങ്ങളും അപ്രിയങ്ങളുമുണ്ടാവും, സ്വാഭാവികമാണ്. കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളുമുണ്ടാവും. ആ കാഴ്ചപ്പാടുകളെ വിലയിരുത്തി, ഗുണവും ദോഷവും വിലയിരുത്തി തീരുമാനമെടുത്താല്‍, ആ തീരുമാനത്തോടൊപ്പം നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മെറിറ്റ്. - സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാര്‍ട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചത് തന്നെയാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി ഓഫീസില്‍ നിന്നാണോ കത്ത് പോയതെന്നും പാര്‍ട്ടി അന്വേഷിക്കും.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ എഐസിസിക്ക് അയച്ച കത്തും ഇന്നലെ പുറത്തുവന്നിരുന്നു. രണ്ടുപേജുള്ള കത്തിന്റെ ഒരുഭാഗമാണ് പുറത്തുവന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡിസിസി ഭാരവാഹികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നു. പുറത്തുവന്ന കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്ല. പിന്നാലെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |