SignIn
Kerala Kaumudi Online
Sunday, 23 February 2025 3.10 PM IST

രണ്ട് വർഷത്തിനിടെ കേരളത്തിൽ 6000 ഒളിച്ചോട്ടം; ഇതിൽ നാലായിരത്തോളം പേർ വിവാഹിതരായ സ്ത്രീകൾ

Increase Font Size Decrease Font Size Print Page
elope

അവിഹിത ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് കൈയും കണക്കുമില്ലാതിരിക്കെ കുറച്ചു മാസം മുമ്പ് കേരളത്തിന്റെ മനസുലച്ച രണ്ട് കുറ്റകൃത്യങ്ങളുണ്ടായത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്. എയർ ഗണ്ണുമായെത്തിയ വനിതാ ഡോക്ടർ തന്റെ പുരുഷ സുഹൃത്തിന്റെ പങ്കാളിയെ വെടിവച്ചതായിരുന്നു തലസ്ഥാന നഗരിയിലുണ്ടായതെങ്കിൽ, കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു മറ്റൊരു ക്രൂരത.


വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച പുരുഷ സുഹൃത്തിന്റെ പങ്കാളിയ്ക്കുനേരെ തലസ്ഥാന നഗരിയിലായിരുന്നു വനിതാ ഡോക്ടറുടെ എയർഗൺ പ്രയോഗം. ഇക്കഴിഞ്ഞ ജൂണിൽ നഗരത്തിലെ വള്ളക്കടവിലായിരുന്നു സംഭവം. കേന്ദ്രസർക്കാരിന്റെ എൻ.ആർ.എച്ച്.എം ജീവനക്കാരിയായ ഷിനിയ്ക്കു നേരെ ഭർത്താവിന്റെ സുഹൃത്തായ വനിതാ ഡോക്ടർ ദീപ്തിമോൾ ജോസാണ് കടുംകൈ ചെയ്തത്. എയർഗണ്ണുമായി കാറിൽ വീട്ടിലെത്തിയ ഡോക്ടർ കൊറിയർ നൽകാനെന്ന വ്യാജേനയാണ് ആക്രമണം നടത്തിയത്. കൊറിയർ കൈപ്പ​റ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോൾ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.


കൈ കൊണ്ട് പെട്ടെന്ന് തടുത്തതിനാൽ ഷിനിയുടെ കൈയ്ക്കാണ് വെടിയേ​റ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിമോളുമായി അടുപ്പത്തിലായിരുന്നു ഷിനിയുടെ ഭർത്താവ് സുജിത്ത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരവേ അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വനിതാ ഡോക്ടർ പൊലീസിനോട് അന്ന് വെളിപ്പെടുത്തിയത്. വെടിവയ്പ്പിന് ഡോക്ടർക്കെതിരെയും, ഡോക്ടർ നൽകിയ പീഡന പരാതിയിൽ ബലാൽസംഗത്തിന് സുജിത്തിനെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.


തലസ്ഥാനത്തെ വെടിവയ്പ്പ് സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പാണ് എറണാകുളം പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നിന്ന് പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ച്, ഒരുദിവസംപോലും പ്രായമാകാത്ത കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസിലായത്. സമീപത്തെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് എറിയുന്ന സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്.


ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന അവിവാഹിതയായ യുവതി വീട്ടുകാരിൽ നിന്നൊളിപ്പിച്ച ഗ‌ർഭമാണ് നവജാതശിശുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ യുവതിയെയും കാമുകനെയും ഉൾപ്പെടെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിലും

കുടുംബ ജീവിതത്തിലെ താളപ്പിഴകൾക്കും സമൂഹത്തിൽ അപമാനത്തിനും ഇടയാക്കുന്ന ഇത്തരം സംഭവങ്ങളുടെ വാർത്തകളോ നിയമ നടപടികളോ ഒന്നിനും വിരാമമിടാൻ പര്യാപ്തമാകുന്നില്ലെന്നതാണ് വാസ്തവം


എന്തുകൊണ്ട്‌ വേലിചാട്ടം?


പങ്കാളിയിൽനിന്ന് മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്ക് വഴുതിവീഴുന്നത്. കിടപ്പറയിലെ പ്രശ്‌നങ്ങളും ഒരു പരിധിവരെ കാരണമാകാം. അത്തരം വീർപ്പുമുട്ടലുകളിൽ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരിൽ ആകൃഷ്ടരായെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല.


വിവാഹേതര ബന്ധങ്ങൾക്ക് അവഗണന ഒരു കാരണമാണെങ്കിൽ, ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയിൽനിന്ന് നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണ് മ​റ്റൊരു കാരണം. തന്റെ ഇഷ്ടാനിഷ്ടങ്ങളെ പങ്കാളി അവഗണിക്കുമ്പോൾ തീർത്തും ഒ​റ്റപ്പെടുന്ന അവസ്ഥയിൽ മ​റ്റൊരാളോട് മനസു തുറക്കാൻ ശ്രമിക്കും. ഇങ്ങനെ വന്നുചേരുന്നവരിൽ അന്യന്റെ കുടുംബ പരാജയങ്ങൾ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും കിട്ടിയ അവസരം മുതലെടുക്കും.


വിരുന്നെത്തിയ സുഹൃത്തിന് ഹൃദയം കൈമാറികഴിയുമ്പോൾ പങ്കാളിയോട് പകയും വെറുപ്പും വിദ്വേഷവും തുടങ്ങും. ജോലിയുമായി ഭർത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോൾ നേരമ്പോക്കിന് തുടങ്ങുന്ന ഫോൺ, ചാ​റ്റിംഗ് ബന്ധം ഭർത്താവ് തിരികെയെത്തുമ്പോൾ പിടിക്കപ്പെടുന്നതും,​ ഭർത്താവ് മടങ്ങിയെത്തുമ്പോൾ അതുവരെ തുടർന്ന ബന്ധം നഷ്ടപ്പെടുമോയെന്ന ആശങ്ക മൂലം ഒളിച്ചോടുന്നതും കേരളത്തിലെ അനുഭവങ്ങളാണ്.


കൂടിച്ചേരലുകളും സൗഹൃദങ്ങൾ പുതുക്കലും സ്നേഹം പങ്കിടലുമൊക്കെ നല്ലകാര്യം തന്നെയാണ്. ക്ളാസ് മേറ്റുകളുടെ കൂടിച്ചേരൽ അടുത്തിടെ ട്രെൻഡായ സംഗതിയാണ്. ഇത്തരം സൗഹൃദവേദികളെ ദുഷ്ടലാക്കോടെ കാണുകയും ദുരുപയോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന പ്രവണതയും വർദ്ധിക്കുന്നുണ്ട്. അടുത്ത കാലത്ത് ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചതായ പൊലീസ് വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് കണ്ണൂരിലെ പയ്യന്നൂരിൽ,​ സഹപാഠിയായിരുന്ന യുവതിയെ കൊലപ്പെടുത്തി സുഹൃത്ത് ജീവനൊടുക്കിയ സംഭവം. അത്തരം സംഭവപരമ്പരകളിലേക്കുള്ള അന്വേഷണമാണ് നാളെ....


രണ്ടുവർഷം,​ 6000 ഒളിച്ചോട്ടം!


കഴിഞ്ഞ രണ്ടുവർഷത്തിനിടെ കേരള പൊലീസ് രജിസ്​റ്റർ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതിൽ അറുപത്തിയഞ്ച് ശതമാനത്തോളം പേരും വിവാഹിതരായ സ്ത്രീകളാണ്. 35 ശതമാനം മാത്രമാണ് അവിവാഹിതർ. ഭർതൃമതികളായ സ്ത്രീകളിൽ പതിനഞ്ചു ശതമാനവും തങ്ങളെക്കാൾ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണ് ഒളിച്ചോടിയത്. ഇതിൽ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണ് അമ്മമാരുടെ ഒളിച്ചോട്ടം!


മരുമകളോ മകളോ ഒളിച്ചോടിയതിന്റെ പേരിൽ വീടുവി​റ്റ് നാട്ടിൽനിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കിൽ മുന്നിൽ നിൽക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താൻ മത്സരിക്കുകയാണ്. ഒരുവർഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണ് കുടുംബകോടതികളുടെ പരിഗണനയിലെത്തുന്നത്. അവിഹിത ബന്ധങ്ങളാണ് ഇതിൽ മിക്ക കേസുകളിലെയും പ്രധാന കാരണം.


ഭാര്യാഭർത്താക്കന്മാരുടെ വിവാഹേതര ബന്ധങ്ങൾ കേരളത്തിൽ അടുത്ത കാലത്തായി വർദ്ധിച്ചു വരുകയാണ്. മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭർത്താവും പരസ്പരം അവിഹിത ബന്ധങ്ങൾ ആസ്വദിക്കുന്ന സാഹചര്യം. പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മകൾ ബന്ധുക്കളോട് പങ്കുവയ്ക്കുമായിരുന്നെങ്കിൽ അണുകുടുംബങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാൻ സ്ത്രീകൾക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു.


ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും 'ഫീലിംഗ് സാഡും" 'ഫീലിങ് ആൻഗ്രി"യും പോലുള്ള സ്​റ്റാ​റ്റസുകൾ അപ്‌ഡേ​റ്റ്‌ ചെയ്യുന്നവരെ ആശ്വസിപ്പിക്കാൻ നൂറുകണക്കിന് അപരിചിതർ 'വാട്‌സ് റോങ് വിത്ത് യു" എന്നു ചോദിച്ചെത്തുന്ന കാലമാണിത്. ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമീപ്യത്തിൽ അകപ്പെട്ടുപോയാൽ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കാകും നയിക്കുക. പിന്നീടൊരിക്കൽ അവിഹിത ബന്ധത്തിന് തടസം നേരിടുമ്പോൾ,​ നേരത്തേ അയച്ച മെസേജുകളും നഗ്‌നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

TAGS: ELOPE CASE, MEN, WOMEN, SOCIALMEDIA, KERALA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.