
കോഴിക്കോട്: മലബാറിന്റെ യാത്ര ക്ലേശങ്ങള്‍ക്ക് പരിഹാരമാകുന്നുവെന്ന വാര്‍ത്തയാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്നത്. മലബാറിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ല അദ്ധ്യക്ഷന്‍ കെപി പ്രകാശ് ബാബു കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല നടപടികള്‍ ഉറപ്പ് ലഭിച്ചിരിക്കുന്നത്. സഹമന്ത്രി വി സോമണ്ണയ്ക്ക് ബിജെപി നേതാക്കള്‍ നിവേദനം നല്‍കി.
കോഴിക്കോടിന് വന്ദേഭാരത് എന്നതാണ് പരിഗണിക്കുന്ന സര്‍വീസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സര്‍വീസുകള്‍ ലാഭത്തിലാണ് ഓടുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വളരെ പിന്നിലാണ് മംഗളൂരു - ഗോവ വന്ദേഭാരത് സര്‍വീസ്. ഈ ട്രെയിന്‍ കോഴിക്കോടേക്ക് നീട്ടുന്ന കാര്യമാണ് റെയില്‍വേ പരിഗണിക്കുന്നത്. മംഗളൂരുവിലേക്ക് നിരവധി മലയാളികള്‍ പ്രത്യേകിച്ച് മലബാറില്‍ നിന്ന് ദിവസേന യാത്ര ചെയ്യുന്നതിനാല്‍ ഈ സര്‍വീസ് കേരളത്തില്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മംഗളൂരു - ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോട് സ്‌റ്റേഷനിലേക്ക് നീക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം പുതിയ വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് അനുവദിക്കുന്ന മുറയ്ക്ക് അത് കോഴിക്കോട് വഴി സര്‍വീസ് നടത്തുന്ന റൂട്ടിനെ പരിഗണിക്കാമെന്ന ഉറപ്പാണ് മന്ത്രി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ യശ്വന്തപുര ട്രെയിന്‍ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെയും മംഗലാപുരം -രാമേശ്വരം ട്രെയിനും അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ മലബാറിലെ യാത്രക്കാര്‍ വലിയ യാത്രാ ദുരിതം അനുവദിക്കുന്ന പാലക്കാട് - കാസര്‍കോഡ് റൂട്ടിലേക്കും പുതിയ ട്രെയിന്‍ എന്ന ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി നിവേദനം നല്‍കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കിയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |