തിരുവനന്തപുരം: സുരക്ഷയില്ലാത്ത സ്റ്റേജുകളുണ്ടാക്കി അപകടമുണ്ടാക്കുന്നവർക്ക് ഒരു വർഷം തടവും പിഴയും കിട്ടാവുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ്. മനഃപൂർവമായും അശ്രദ്ധയോടെയും അപകടമുണ്ടാക്കുന്ന വകുപ്പുകൾ ഇതിലും ചുമത്തും. ചടങ്ങിന്റെ സംഘാടകർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. സ്റ്റേജ് സുരക്ഷയ്ക്കുള്ള മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും പൊലീസ് മേധാവിയുടെ ചുമതലയുള്ള അഡി. ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി"യോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ഗവർണറുടെയും പരിപാടികളിൽ മാത്രമാണ് മരാമത്ത്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റടക്കം വകുപ്പുകളുടെ സുരക്ഷാ പരിശോധനയുള്ളതെന്നും സ്വകാര്യ ചടങ്ങുകൾക്ക് തോന്നുംപടിയാണെന്നും 'കേരളകൗമുദി" ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി. സ്റ്റേജിന് വേണ്ട അനുമതികൾ, ഒരുക്കേണ്ട സുരക്ഷ എന്നിവയെല്ലാം മാർഗ്ഗനിർദ്ദേശത്തിലുണ്ടാവും. ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കും സ്വകാര്യപരിപാടികളുടെ സംഘാടകർക്കുമെല്ലാം ഇത് കൈമാറും.
സ്റ്റേജിന്റെ സുരക്ഷ, ഉറപ്പ്, രക്ഷാസംവിധാനം, സി.സി.ടി.വി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയെല്ലാം മാർഗനിർദ്ദേശത്തിലുണ്ടാവും. അഗ്നിശമന ഉപകരണങ്ങൾ, എർത്തിംഗ്, ജനറേറ്റർ, സ്റ്റേജിലേക്കുള്ള വൈദ്യുതി വിതരണം എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. സ്റ്റേജിന്റെ വശങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുണ്ടാവണം.
മന്ത്രിമാരും ജനപ്രതിനിധികളും വി.ഐ.പികളും പങ്കെടുക്കുന്ന ചടങ്ങുകൾക്കെല്ലാം മരാമത്ത്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർഫോഴ്സ്, പൊലീസ് ക്ലിയറൻസുകൾ നിർബന്ധമാക്കും.
സുരക്ഷയില്ലെങ്കിൽ കേസ്
സുരക്ഷയൊരുക്കാതെ അപകടങ്ങളുണ്ടായി ആളുകൾക്ക് പരിക്കേറ്റാൽ സംഘാടകർക്കെതിരെ കേസെടുക്കും
ഉറപ്പില്ലാതെ സ്റ്റേജ് നിർമ്മിച്ച് അപകടമുണ്ടാക്കിയാലും അലംഭാവം കാരണമുള്ള അപകടത്തിന് കേസെടുക്കും.
അപകടമുണ്ടായാൽ ജനത്തെ ഒഴിപ്പിക്കാൻ സംവിധാനമൊരുക്കിയില്ലെങ്കിലും കേസാവും.
'ചടങ്ങുകളിൽ സുരക്ഷ ഉറപ്പാക്കലാണ് പ്രധാനം. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. സുരക്ഷയൊരുക്കാതെ ജനത്തെ പങ്കെടുപ്പിക്കാൻ അനുവദിക്കില്ല"".
- മനോജ് എബ്രഹാം, അഡി.ഡി.ജി.പി, ക്രമസമാധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |