തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭാര്യയുമൊത്ത് ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമൂട്. കറുപ്പും വെള്ളയും നിറത്തിലെ വസ്‌ത്രങ്ങളിഞ്ഞ് ഭാര്യ സുപ്രിയയുമൊത്തുള്ള ചിത്രം താരം തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. അതേസമയം, ഡി.വൈ.എഫ്.ഐ ഇന്ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ നടൻ പങ്കെടുക്കുമെന്നാണ് വിവരം.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ കാസർകോട് മുതൽ തിരുവനന്തപുരം രാജ്ഭവൻവരെ ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയാണ്. വൈകിട്ട് അഞ്ചിനാണ് ചങ്ങല തീർക്കുന്നത്. 4.30ന് ട്രയൽ നടത്തും. വൈകിട്ട് മൂന്ന് മുതൽ രാജ്ഭവനുമുന്നിൽ കലാപരിപാടികൾ ആരംഭിക്കും. പരിപാടിയിലേയ്ക്ക് നടൻ സുരാജ് വെഞ്ഞാറമൂടിനെ ഡി.വൈ.എഫ്.ഐ ക്ഷണിച്ചിരുന്നു. പരിപാടിയിൽ താരം പങ്കെടുക്കുമെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തന്നെയാണ് സുരാജിനെ മനുഷ്യച്ചങ്ങലയിലേയ്ക്ക് ക്ഷണിച്ച വിവരം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം ഡോ.ഷിജുഖാൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി അനൂപ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ഷൂട്ടിംഗ് ലൊക്കേഷനിലെത്തി താരത്തെ ക്ഷണിച്ചത്.
ഇന്ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കാസർകോട്ട് എ.എ.റഹിം ആദ്യ കണ്ണിയും രാജ്ഭവന് മുന്നിൽ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് ഇ.പി ജയരാജൻ അവസാന കണ്ണിയുമാവും. രാജ്ഭവനുമുന്നിലെ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തലസ്ഥാന ജില്ലയിൽ ഒരുലക്ഷം പേർ കണ്ണികളാകും. ജില്ലാതിർത്തിയായ കടമ്പാട്ടുകോണംവരെ 50 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. ജില്ലയിൽ 19 കേന്ദ്രങ്ങളിൽ പൊതുയോഗവും ഉണ്ടാകും.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മനുഷ്യച്ചങ്ങലയാണിത്. 1987 ആഗസ്റ്റ് 15നായിരുന്നു ആദ്യചങ്ങല. സ്വാതന്ത്ര്യത്തിന്റെ 40-ാം പിറന്നാളിൽ ഐക്യത്തിന്റെ സന്ദേശവുമായാണ് ചങ്ങല തീർത്തത്. അന്നത്തെ അഖിലേന്ത്യ പ്രസിഡന്റ് എം. വിജയകുമാറായിരുന്നു ആദ്യകണ്ണി, സെക്രട്ടറി ഹനൻമുള്ള അവസാന കണ്ണിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |