
തൃശൂർ: 'ഫുട്ബാൾ ടൂർണമെന്റുകൾക്ക് സ്വർണക്കപ്പുണ്ട്. കലോത്സവത്തിലും എന്തുകൊണ്ട് അതായിക്കൂടാ ?"- മഹാകവി
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഈ ചോദ്യത്തിലായിരുന്നു 40 വർഷം മുമ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പിന്റെ പിറവി. 1985ൽ എറണാകുളത്ത് കലോത്സവം നടക്കുമ്പോൾ വൈലോപ്പിള്ളി വിധികർത്താവായിരുന്നു. തന്റെ ആശയം അദ്ദേഹം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. മന്ത്രിയായിരുന്ന ടി.എം. ജേക്കബ് അനുവാദവും മൂളി.
1987ലെ കോഴിക്കോട് കലോത്സവത്തിലാണ് 117.5 പവൻ സ്വർണക്കപ്പിന്റെ ആദ്യവരവ്. കപ്പിൽ ആദ്യം മുത്തമിട്ടത് അന്നത്തെ ചാമ്പ്യൻമാരായിരുന്ന തിരുവനന്തപുരവും. അടുത്ത വർഷം സ്വർണക്കപ്പിന് 40 വയസ് തികയും.
വിദ്യയും കലയും കവിതയും നാദവും ചേർന്ന ശില്പമായിരുന്നു വെെലോപ്പിള്ളിയുടെ ഭാവനയിലുണ്ടായിരുന്നത്. കലാദ്ധ്യാപകനായ ശ്രീകണ്ഠൻ നായർ വീട്ടിമരത്തിൽ അതുപോലെ രൂപകല്പന ചെയ്തു. 101 പവനുള്ള സ്വർണക്കപ്പായിരുന്നു വൈലോപ്പിള്ളിയുടെ മോഹം. പണി തീർന്നപ്പോൾ അത് 117.5 പവനായി. പക്ഷേ പൊൻശില്പത്തിന്റെ പിറവി കാണാതെ 1985 ഡിസംബർ 22ന് കവി നിത്യതയിലാണ്ടു.
കുടുംബത്തോടു പോലും പറയാത്ത ആശയം
സ്വർണക്കപ്പിന്റെ ആശയം വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചത് വൈലോപ്പിള്ളി കുടുംബത്തിനോടു പോലും പറഞ്ഞിരുന്നില്ല. ഇപ്പോൾ സ്വർണം പവന് ഒരു ലക്ഷം കടന്നു. കപ്പിന്റെ മൂല്യം ഒരു കോടിയിലേറെയുമായി. പക്ഷേ കാവ്യാത്മകമായ ആശയസാക്ഷാത്കാരം ഇന്നും അമൂല്യമാണെന്ന് കവിയുടെ മക്കളായ ഡോ. ശ്രീകുമാറും ഡോ. വിജയകുമാറും വിശ്വസിക്കുന്നു. 2018ൽ കലോത്സവം തൃശൂരിൽ നടന്നപ്പോൾ കവിയുടെ പത്‌നി ഭാനുമതിയമ്മയും ആ ഓർമ്മകൾ പങ്കിട്ടിരുന്നു. അടുത്ത വർഷം അവർ വിടവാങ്ങി.
'മത്സരങ്ങളിൽ പങ്കെടുക്കാൻ അച്ഛൻ ഞങ്ങളെ നിർബന്ധിക്കാറില്ലായിരുന്നു. സ്വർണത്തിന്റെ വിലയേക്കാൾ തിളക്കമുള്ള ആശയമാണ് കലോത്സവങ്ങൾക്കായി അച്ഛൻ നിർദ്ദേശിച്ചത്. ഇതെല്ലാം പിന്നീടാണ് പത്രങ്ങളിൽ നിന്നാണ് അറിയുന്നത്. ഇന്ന് എല്ലാ കലോത്സവങ്ങളിലും അച്ഛനെ കേരളം ഓർമ്മിക്കുന്നുവെന്നത് വലിയ കാര്യമാണ്. സ്‌പോർട്‌സും സിനിമയുമെല്ലാം അച്ഛന് ഇഷ്ടമായിരുന്നു. അതേ പരിഗണന കലയ്ക്കും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു".
- ഡോ. ശ്രീകുമാർ, വെെലോപ്പിള്ളിയുടെ മകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |