കൊച്ചി: കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീളുന്ന വെസ്റ്റ് കോസ്റ്റ് കനാലിലെ കോവളം മുതൽ കൊല്ലം വരെയും കോഴിക്കോട് മുതൽ ബേക്കൽ വരെയും ദേശീയജലപാതയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കില്ല. കൊല്ലം - കോഴിക്കോട് ദേശീയജലപാത ഫലപ്രദമായി വിനിയോഗിക്കാത്തതും പുതിയ പാതകൾ ആദായകരമാകില്ലെന്ന പഠനവുമാണ് കാരണമായി പറയുന്നത്.
കോവളം - കൊല്ലം, കോഴിക്കോട് -ബേക്കൽ എന്നിവയെ ദേശീയജലപാതയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ഉൾനാടൻ ഗതാഗത മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇത് പഠിച്ച നാഷണൽ ട്രാൻസ്‌പോർട്ട് പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (നാറ്റ്പാക് ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ജലപാതയാക്കില്ലെന്ന് കൊടിക്കുന്നിൽ സുരഷ് എം.പിയെ മന്ത്രാലയം അറിയിച്ചത്.
കൊല്ലം മുതൽ തൃശൂർ ജില്ലയിലെ കോട്ടപ്പുറം വരെ 1993ലും കോട്ടപ്പുറം മുതൽ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 2016ലും ദേശീയജലപാതയായി പ്രഖ്യാപിച്ച് നാഷണൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടി ഏറ്റെടുത്തിരുന്നു. നാല് അനുബന്ധപാതകളും നിർമ്മിച്ചു. 2008ൽ നിർമ്മാണം ആരംഭിച്ച് 2014ൽ കൊല്ലം -കോട്ടപ്പുറം പാത ഗതാഗതസജ്ജമാക്കി. 250 കോടി രൂപ മുടക്കി ദേശീയജലപാത വികസിപ്പിച്ച് 11 വർഷം കഴിഞ്ഞെങ്കിലും ഫലപ്രദമായി വിനിയോഗിച്ചില്ലെന്ന് നാഷണൽ ഇൻലാൻഡ് വാട്ടർവേസ് അതോറിട്ടി വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
യാത്രയ്‌ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചരക്കുനീക്കം കാര്യമായി വർദ്ധിക്കുന്നില്ല. 11 ടെർമിനലുകളും ഗോഡൗണുകളും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചെങ്കിലും ബാർജുകൾ വഴി ചരക്കുനീക്കം കാര്യക്ഷമമല്ല.
സാമ്പത്തിക ബാദ്ധ്യതയാകും
വിഴിഞ്ഞം മുതൽ ബേക്കൽ വരെ നീളുന്ന 620 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ വികസിപ്പിച്ച് യാത്ര, ചരക്കുനീക്കം, ടൂറിസം എന്നിവയ്‌ക്ക് വിനിയോഗിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡ് (ക്വിൽ)എന്ന സംസ്ഥാന സ്ഥാപനത്തിനാണ് ചുമതല. കിഫ്ബിയുടെ സഹായത്തോടെ ദേശീയപാത ഒഴികെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ വികസിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രം വിമുഖത അറിയിച്ചതിനാൽ മൂവായിരം കോടി രൂപയുടെ ചെലവ് കേരളം വഹിക്കേണ്ടിവരും.
നിലവിലുള്ള ദേശീയജലപാതകൾ
(നമ്പർ, റൂട്ട്)
3- കൊല്ലം -കല്ലായി
8- ആലപ്പുഴ -ചങ്ങനാശേരി
9- ആലപ്പുഴ -കോട്ടയം
13- പൂവാർ -എരയുമാന്തുറ (എ.വി.എം കനാൽ)
59- വെച്ചൂർ -അതിരമ്പുഴ
ആകെ ദൂരം 465.89 കിലോമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |