SignIn
Kerala Kaumudi Online
Saturday, 20 December 2025 4.32 PM IST
 

ശ്രീനിവാസന് വിട; എറണാകുളം ടൗൺഹാളിലെ പൊതുദർശനം അവസാനിച്ചു, ഭൗതികശരീരം കണ്ടനാട്ടെ വസതിയിലെത്തിക്കും

Increase Font Size Decrease Font Size Print Page

rip

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ പൊതുദർശനം എറണാകുളം ടൗൺഹാളിൽ അവസാനിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച പൊതുദർശനം മൂന്നര വരെ നീണ്ടു. ശ്രീനിവാസനെ അവസാനമായി ഒരുനോക്കുകാണാൻ മോഹൻലാലും മമ്മൂട്ടിയുമടക്കം സിനിമാമേഖലയിലെ പ്രമുഖർ എത്തിയിരുന്നു. കണ്ടനാട്ടെ വസതിയിലേക്കാണ് ശ്രീനിവാസന്റെ ഭൗതികശരീരം തിരികെ കൊണ്ടുപോകുന്നത്. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

rip

ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

LIVE UPDATES
1 HOUR AGO
Dec 20, 2025 03:17 PM

ശ്രീനിവാസന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കാണുന്നതെന്ന് തമിഴ് നടൻ ശരത് കുമാർ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹത്തിന്റെ മരണം തീരാനഷ്ടമാണെന്നും ശരത് കുമാർ പറഞ്ഞു.
 

1 HOUR AGO
Dec 20, 2025 03:15 PM

നൂറുകണക്കിനുപേരാണ് പൊതുദർശനം നടക്കുന്ന ടൗൺ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാലോകത്തെ പ്രമുഖരും എത്തിക്കൊണ്ടിരിക്കുന്നു.

1 HOUR AGO
Dec 20, 2025 02:58 PM

താൻ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വേർപാട് മലയാളിയെ അതീവദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

1 HOUR AGO
Dec 20, 2025 02:46 PM

ശ്രീനിവാസൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് നടൻ ആസിഫ് അലി. ട്രാഫിക്ക് എന്ന ചിത്രത്തിൽ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു.
 

2 HOURS AGO
Dec 20, 2025 02:30 PM

മമ്മൂട്ടിക്കുപിന്നാലെ എറണാകുളം ടൗൺഹാളിലേക്ക് മോഹൻലാലും ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയിരിക്കുകയാണ്.

2 HOURS AGO
Dec 20, 2025 02:27 PM

നടൻ മമ്മൂട്ടി എറണാകുളം ടൗൺഹാളിൽ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണുവാനെത്തി.രാവിലെ ശ്രീനിവാസന്റെ വസതിയിൽ മമ്മൂട്ടിയും കുടുംബവും എത്തിയിരുന്നു.

2 HOURS AGO
Dec 20, 2025 02:25 PM

ശ്രീനിവാസന്റെ വിയോഗം ഒരു പ്രത്യേക കാലഘട്ടത്തിന്റെ അവസാനമായാണ് തോന്നുന്നതെന്ന് നടൻ രമേശ് പിഷാരഡി. ആരെയും വേദനിപ്പിക്കാതെ നർമം അവതരിപ്പിക്കുന്ന നടനാണ് അദ്ദേഹമെന്നും രമേശ് പിഷാരഡി പറഞ്ഞു.
 

2 HOURS AGO
Dec 20, 2025 02:22 PM

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാൻ പോകാറുണ്ടായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വീഴ്ചയ്ക്കുശേഷം ആരോഗ്യം ക്ഷയിച്ചതോടെ ശ്രീനിവാസൻ മതിയായെന്ന് പറഞ്ഞിരുന്നുവെന്നും സത്യൻ അന്തിക്കാട് ഓർക്കുന്നു. 

2 HOURS AGO
Dec 20, 2025 02:18 PM

ഹൈബി ഈഡൻ എംപിയും റോജി എം ജോൺ എംഎൽഎയും അടക്കമുള്ള നേതാക്കളും ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനെത്തി.

2 HOURS AGO
Dec 20, 2025 01:53 PM

നൂറുകണക്കിനുപേരാണ് ശ്രീനിവാസനെ അവസാനമായി ഒരു നോക്കുകാണാൻ പൊതുദർശനം നടക്കുന്ന ടൗൺ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

2 HOURS AGO
Dec 20, 2025 01:52 PM

നടൻ ദിലീപ് എറണാകുളം ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. 

3 HOURS AGO
Dec 20, 2025 01:15 PM

മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചു. 

3 HOURS AGO
Dec 20, 2025 12:44 PM

ശ്രീനിവാസൻ സത്യസന്ധനായ മനുഷ്യനാണെന്ന് നടൻ മണിയൻപിള്ള രാജു. ശ്രീനിവാസൻ എന്നും  നമ്മുടെ മനസിൽ  നിറഞ്ഞുനിൽക്കുമെന്നും  അദ്ദേഹം  പറഞ്ഞു.

3 HOURS AGO
Dec 20, 2025 12:40 PM

ശ്രീനിവാസൻ ആദ്യമായാണ് തന്നെ കരയിപ്പിക്കുന്നതെന്ന് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെയാണ് നടി അനുശോചനക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

'കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി'- മഞ്ജു വാര്യർ കുറിച്ചു.

3 HOURS AGO
Dec 20, 2025 12:38 PM

ധ്യാൻ ശ്രീനിവാസന്റെ 37-ാം ജന്മദിനത്തിലാണ് ശ്രീനിവാസൻ അന്തരിച്ചത്.

 

 

4 HOURS AGO
Dec 20, 2025 12:06 PM

മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ടൗൺ ഹാളിലെത്തി ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കും. 

4 HOURS AGO
Dec 20, 2025 11:33 AM

ശ്രീനിവാസന്റെ ഇളയമകനും നടനുമായ ധ്യാൻ ശ്രീനിവാസൻ കണ്ടനാട്ടെ വീട്ടിലെത്തി. കോഴിക്കോട്ട് സിനിമാചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു ധ്യാൻ.

5 HOURS AGO
Dec 20, 2025 11:28 AM

നടൻ മമ്മൂട്ടിയും കുടുംബവും ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി.

5 HOURS AGO
Dec 20, 2025 11:23 AM

സിനിമയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ പത്ത് ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോകുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു.

5 HOURS AGO
Dec 20, 2025 11:19 AM

മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനുള്ളിൽ ശ്രീനിവാസന്റെ കണ്ടനാട്ടെ വസതിയിൽ എത്തിച്ചേരും.

5 HOURS AGO
Dec 20, 2025 11:15 AM

നടൻ ശ്രീനിവാസന്റെ  സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.

5 HOURS AGO
Dec 20, 2025 11:13 AM

നഷ്ടമായത് ആത്മ സുഹൃത്തിനെയെന്ന് നടൻ മോഹൻലാൽ. നാല് പതി​റ്റാണ്ടിലേറെയുള്ള ബന്ധമാണെന്നും മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
 

5 HOURS AGO
Dec 20, 2025 11:11 AM

മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾക്കായി കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നടൻ വിനീത് ശ്രീനിവാസൻ പിതാവിന്റെ മരണവാർത്ത അറിയുന്നത്.

5 HOURS AGO
Dec 20, 2025 11:06 AM

ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്ത് കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 

5 HOURS AGO
Dec 20, 2025 11:06 AM

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

 

TAGS: SREENIVASAN, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.