
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹം ഡിസംബർ 30 ന് രാവിലെ 10 ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും, തീർത്ഥാടക സമ്മേളനം 31 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. 30,31, ജനുവരി ഒന്ന് തീയതികളായി നടക്കുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
ശിവഗിരി തീർത്ഥാടനത്തിന് ഗുരു കല്പിച്ചനുവദിച്ച എട്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട് 12 സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററുമായ സ്വാമി ശാരദാനന്ദ അറിയിച്ചു. ഡിസംബർ 15 ന് ആരംഭിച്ച തീർത്ഥാടനകാല പ്രഭാഷണ പരമ്പരയും സായാഹ്നകാല പരിപാടികളും 29 ന് സമാപിക്കും.
30 ന് രാവിലെ തീർത്ഥാടന ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും . സംസ്ഥാന ഗവർണർ രജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രജേഷ്, സോഹോ കോർപ്പറേഷൻ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ശ്രീധർ വെമ്പു, കെ.ജി. ബാബുരാജൻ (ബഹറിൻ), തീർത്ഥാടന കമ്മറ്റി ചെയർമാൻ ഡോ. എ.വി.അനൂപ് എന്നിവർ പ്രസംഗിക്കും. സെക്രട്ടറി സ്വാമി ശാരദാനന്ദ സ്വാഗതം ആശംസിക്കും. ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി പരാനന്ദ ദീപം തെളിക്കും.
തീർത്ഥാടന ലക്ഷ്യം വിദ്യാഭ്യാസത്തിൽ 'മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും' സമ്മേളനം 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ഒരു മണിക്ക് ' ശുചിത്വത്തിൽ ആധുനിക ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികൾ' എന്ന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മറ്റി രക്ഷാധികാരി ഡോ. കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.മൂന്നിന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി.മുരളീധരൻ വിശിഷ്ടാതിഥിയാകും.
തീർത്ഥാടന കമ്മറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം.ജയരാജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |