
ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് നടിമാരായ മഞ്ജുവാര്യരും കാവ്യ മാധവനും. ഇല്ലാതാകുന്നത് ശ്രീനിവാസന്റെ ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിക്കുന്നുവെന്ന് മഞ്ജു വാര്യർ അനുസ്മരിച്ചു.
മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.
തന്റെ ആദ്യ ചിത്രം മുതൽ ശ്രീനിവാസൻ രക്ഷിതാവിനെപ്പോലെ കൂടെയുണ്ടായിരുന്നുവെന്ന് കാവ്യ അനുസ്മരിച്ചു. "പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട, എന്റെ ആദ്യ ചിത്രം മുതൽ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ. ജീവിതത്തിൽ എല്ലായ്‌പ്പോഴും കരുതലും സ്നേഹവും നൽകിയ ആ മറക്കാനാവാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം"- എന്നാണ് കാവ്യ മാധവൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കമന്റന്റ് ചെയ്‌തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |