
കോട്ടയം: സാമ്പാറിൽ മുങ്ങിത്തപ്പിയാലും അവിയലിൽ പരതിയാലും മുരിങ്ങക്കായെ കാണില്ല. രുചിയൽപ്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. ഈ മാസം ആദ്യം കി.ലോയ്ക്ക് 600 രൂപയിലെത്തിയ മുരിങ്ങക്കായയുടെ വില ഇപ്പോൾ 240 ആയി കുറഞ്ഞെങ്കിലും ഈ വിലയ്ക്ക് എങ്ങനെ വാങ്ങുമെന്നാണ് ഹോട്ടലുകാരും വീട്ടമ്മമാരും ചോദിക്കുന്നത്.
ഹോൾസെയിൽ കടകളിൽ പോലും അളവ് കുറച്ചു. അത്യാവശ്യം വിവാഹ ആവശ്യങ്ങൾക്ക് മാത്രമായി മുരങ്ങിക്കായ്ക്ക് ആവശ്യക്കാർ. വലിയ വില നൽകി ആരും വാങ്ങില്ലെന്നതിനാൽ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു. നാടൻ മുരിങ്ങക്കായ്ക്ക് ആണ് വില കൂടുതൽ. 420 രൂപവരെ ഈടാക്കുന്നു. വിളവെടുപ്പ് കാലം കഴിഞ്ഞതാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്.
ഉത്പാദനം കുറഞ്ഞു
മണ്ഡലകാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. അതിനാൽ വില ഉയരുന്നതും പതിവാണ്. കഴിഞ്ഞ വർഷം 500 രൂപവരെ വില ഉയർന്നിരുന്നു. ഇത്തവണ പക്ഷേ, കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനവും കുറഞ്ഞു. കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. വരണ്ട കാലാവസ്ഥയിൽ പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന വിളയാണിത്. തമിഴ്നാട്ടിൽ ഇടയ്ക്കിടെയുള്ള മഴ ഉത്പാദനത്തെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.
കേറ്ററിംഗുകാർ പെട്ടു
മുരിങ്ങക്കായ ഇല്ലാതെ സദ്യവിളമ്പാൻ കഴിയാത്തതിനാൽ അളവ് കുറയ്ക്കുകയാണ് കേറ്രറിംഗുകാർ. മുരിങ്ങക്കായുടെ വിലകൂടിയതനുസരിച്ച് സദ്യയ്ക്ക് വിലകൂട്ടാൻ കഴിയാത്തതിനാൽ അവിയലിലും സാമ്പാറിലും മുരിങ്ങക്കയുടെ കഷ്ണം കുറച്ചാണ് പിടിച്ചു നിൽക്കുന്നത്.
തീ വിലയ്ക്ക് മുരിങ്ങക്കായ വാങ്ങി സാമ്പാർ ഉണ്ടാക്കിയാൽ ഊണിന്റെയോ ഇഡ്ഡലിയുടേയോ കാശ് പോലും മുതലാവില്ല. പകരം വെണ്ടക്കയും മറ്റും കൂടുതൽ ചേർത്താണ് പിടിച്ചു നിൽക്കുന്നത്.
ഹരിദാസ്, ഹോട്ടലുടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |