
ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി നടനും എംഎൽഎയുമായ എം മുകേഷ്. നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെയും വഴികാട്ടിയെയും എല്ലാത്തിലും ഉപരി കൂടപ്പിറപ്പിനെയാണെന്നും മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു. നാലര പതിറ്റാണ്ടിന്റെ ആത്മബന്ധം, ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലെല്ലാം നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസനെന്നും മുകേഷ് പറഞ്ഞു. 'ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു, ഒരുമിച്ച് സിനിമ നിർമ്മിച്ചു, ഒരുമിച്ച് ലോകം കണ്ടു, പകരം വയ്ക്കാനില്ലാത്ത പ്രതിസന്ധികളിലെ തണൽ മരത്തിന് വിട'- മുകേഷ് കുറിച്ചു.
43 വർഷത്തെ സൗഹൃദമാണ് മുകേഷും ശ്രീനിവാസനും തമ്മിൽ ഉണ്ടായിരുന്നത്. നടൻ മുകേഷിനൊപ്പം ലൂമിയർ ഫിലിം കമ്പനി എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും അദ്ദേഹത്തിനുണ്ട്. കഥ പറയുമ്പോൾ (2007), തട്ടത്തിൻ മറയത്ത് (2012) എന്നിവയാണ് ഇരുവരും സംയുക്തമായി നിർമ്മിച്ച സിനിമകൾ. രണ്ടും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഒരിക്കൽ ലൂമിയർ ഫിലിംസ് തുടങ്ങാനിടയായ സാഹചര്യത്തെക്കുറിച്ച് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടാണ് ലൂമിയർ ഫിലിം കമ്പനി തുടങ്ങുന്നത്. തനിക്കു പരിചയമുള്ള രണ്ടുപേർക്ക് സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥ പറയണമെന്നും ഒരിക്കൽ ശ്രീനിവാസനോട് മുകേഷ് പറഞ്ഞിരുന്നു. തന്റെ മനസിൽ ഒരു കഥ രൂപപ്പെട്ടപ്പോൾ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാർ സിനിമ നിർമ്മിക്കട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് അവർക്ക് നിർമ്മാണത്തിനുള്ള പണം ശരിയായില്ല. അന്നേരമാണ് മുകേഷ് ശ്രീനിവാസനോട് ചോദിക്കുന്നത് ആ സിനിമ നമുക്ക് തന്നെ നിർമ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയർ ഫിലിംസിന് തുടക്കം കുറിച്ചതും 'കഥപറയുമ്പോൾ' എന്ന സിനിമ സംഭവിച്ചതും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. 200 ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |